ഗുരുഗ്രാം: ഗുരുഗ്രാമിലെ സെക്ടർ 109ൽ അപ്പാർട്ട്മെന്റിൻ്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. നേരത്തെ രണ്ട് താമസക്കാരുടെ മരണം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച അർധരാത്രിയിൽ ഗുരുഗ്രാം സെക്ടർ 109ൽ സ്ഥിതി ചെയ്യുന്ന ചിന്തൽസ് പാരഡൈസോ ഹൗസിങ് കോംപ്ലക്സിലെ ഡി ബ്ലോക്കിലെ ആറാം നിലയിലാണ് അപകടമുണ്ടായത്. നിർമാണ തൊഴിലാളികളാണ് മരിച്ചത്. മേൽക്കൂരക്കടിയിൽ കുടുങ്ങിയ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തകർ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
ബാക്കിയുള്ളവരെ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംഘത്തെ രൂപീകരിച്ചു. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും പോലീസ് കമ്മീഷണർ കെ കെ റാവു പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന ആളുകളുടെ എണ്ണത്തിൽ ഇതുവരെ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറ്റകുറ്റപണി നടന്നിരുന്ന മുറിയുടെ മേൽക്കൂരയാണ് ആദ്യം തകർന്നുവീണത്.
കെട്ടിടത്തിന്റെ ആറാം നില മുതൽ താഴത്തെ നില വരെയുള്ള എല്ലാ മേൽക്കൂരകളും നിലകളും ഒറ്റയടിക്ക് തകർന്നു വീഴുകയായിരുന്നു. ദേശീയ ദുരന്ത പ്രതിരോധസേന, അഗ്നിശമനസേന, പോലീസ് എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ചില ഫ്ലാറ്റുകളിൽ ആൾതാമസം ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. നിർമാണത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നും തങ്ങളുടെ പരാതികൾ ബിൽഡർ ഗൗരവമായി കണ്ടില്ലെന്നും താമസക്കാർ പറഞ്ഞു.
















