കൊച്ചി: സിനിമാ സംവിധായകരുടെ കലാപരമായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോലീസിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. കലാപരമായ സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്നുവെന്ന പരാതി ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി കര്‍ശനനിര്‍ദേശം നല്‍കണം. ആവശ്യമെങ്കില്‍ ക്രിമിനല്‍ കേസ് പോലും രജിസ്റ്റര്‍ചെയ്യാമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ്റെ ഉത്തരവില്‍ പറയുന്നു.
സിനിമയിലെ കഥാപാത്രങ്ങൾ സഭ്യമായ ഭാഷയിലേ സംസാരിക്കാവൂ എന്ന് പറയാനാകില്ലെന്നും സിനിമയുടെ ഭാഷയുടെ പേരില്‍ കോടതി ഇടപെടാന്‍ തുടങ്ങിയാല്‍ അതിന് അവസാനമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
നിയമത്തില്‍നിന്ന് ഒളിച്ചോടിയവരുടെ കഥയാണ് ‘ചുരുളി’ എന്ന സിനിമയില്‍ പറയുന്നത്. അവര്‍ സഭ്യമായ ഭാഷയിലേ സംസാരിക്കാവൂ എന്ന് പറയാനാകില്ല. ചലച്ചിത്രകാരന്‍ അദ്ദേഹത്തിൻ്റെ കലാപരമായ കാഴ്ചപ്പാടിൻ്റെ ഭാഗമായാണ് ഈ ഭാഷ ഉപയോഗിച്ചിരിക്കുന്നത്. തീര്‍ച്ചയായും അത് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ പരിധിക്കുള്ളിലാകണം. ചുരുളിയില്‍ നിയമത്തെ മറികടക്കുന്ന ഒന്നുമില്ലെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ട്.
അതിനാല്‍ സിനിമ ഒടിടിയില്‍നിന്ന് നീക്കംചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. സിനിമ കാണാത്തവരാണ് ചുരുളിയിലെ ഭാഷ തെറിയും അശ്ലീലവുമാണെന്ന് അഭിപ്രായപ്പെടുന്നത്. ഹര്‍ജിക്കാരിയും സിനിമ കണ്ടിട്ടില്ലെന്നുവേണം കരുതാന്‍. ശ്രദ്ധ ആകര്‍ഷിക്കാന്‍വേണ്ടിയാണ് ഹര്‍ജി നല്‍കിയതെന്നും സംശയിക്കണം. പിഴയോടുകൂടി തള്ളുകയാണ് ചെയ്യേണ്ടത്. എന്നാല്‍, അത് ഒഴിവാക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു. തൃശ്ശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ആയിരുന്നു ഹര്‍ജി നല്‍കിയത്.
‘ചുരുളി ഭാഷ’ എന്നൊരു പ്രയോഗംതന്നെ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. സിനിമകണ്ട് മനസ്സിലാകാത്തവരാണ് ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നതെന്നും കോടതി വിലയിരുത്തി. സിനിമ കണ്ട് ചിത്രത്തിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോ എന്ന് റിപ്പോർട്ട് നൽകാൻ ഡിജിപിയോട് കോടതി നിർദേശിച്ചിരുന്നു. പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂർ കോലഴി സ്വദേശിനിയായ അഭിഭാഷകയാണ് ഹൈകോടതിയെ സമീപിച്ചത്.
ഇതനുസരിച്ചാണ് എഡിജിപി പത്മകുമാറിന്‍റെ നേതൃത്വത്തിൽ സമിതി സിനിമ കണ്ട് വിലയിരുത്തൽ നടത്തിയത്. ചുരുളിയെന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നിലനിൽപ്പിനായി പൊരുതുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ കഥയാണ് സിനിമ പറയുന്നത്. ഇതിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും എങ്ങനെ വേണമെന്ന് സംവിധായകന് തീരുമാനിക്കാം. ചിത്രത്തിൽ കഥാസന്ദർഭത്തിന് അനുയോജ്യമായ ഭാഷയും ദൃശ്യങ്ങളും മാത്രമാണുള്ളത്. ഭരണഘടന നൽകുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനപ്പുറം ഈ സിനിമയിൽ നിയമലംഘനങ്ങളൊന്നുമില്ലെന്നാണ് സിനിമ പരിശോധിച്ച സമിതി വിലയിരുത്തിയത്. അശ്ലീലമായ പ്രയോഗങ്ങളോ, ചേഷ്ടകളോ പൊതു ഇടങ്ങളിൽ മാത്രമേ നിയമവിരുദ്ധമാകൂ. ഒടിടി പ്ലാറ്റ്‍ഫോം പൊതു ഇടമല്ല. സെൻസറിംഗും നിലവിലെ നിയമപ്രകാരം ഒടിടിക്ക് ബാധകമല്ല. അതിനാൽ സിനിമക്കെതിരെ നിയമനടപടികളൊന്നും ആവശ്യമില്ലെന്നാണ് ഡിജിപിക്ക് സമിതി നൽകിയ റിപ്പോർട്ട്.
















