ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ പോൾ. കേരളം, മിസോറാം, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇപ്പോഴും കേസുകൾ വർധിക്കുന്നു. ജാഗ്രത കുറവ് ഉണ്ടായാൽ കൂടുതൽ ശക്തിയോടെ വൈറസ് തിരിച്ചെത്തുമെന്നും വി.കെ പോൾ പറയുന്നു.
വൈറസിനെക്കുറിച്ചുള്ള ലോകത്തിന്‍റെ അറിവ് പരിമിതമാണ്. കേസുകളിലെ കുറവ് കൊവിഡിൻ്റെ അവസാനമായി കാണരുത്. വൈറസിനെതിരെ പോരാടാൻ ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ നാല് സംസ്ഥാനങ്ങളിൽ 50,000-ത്തിലധികം സജീവ കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചിരുന്നു. 11 സംസ്ഥാനങ്ങളിൽ 10,000 നും 50,000 നും ഇടയിൽ സജീവ കേസുകളുണ്ട്. 18 വയസ്സിനു മുകളിലുള്ള ജനസംഖ്യയുടെ 96 ശതമാനം പേർക്കും കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചതായി അഗർവാൾ അറിയിച്ചു.
















