ബംഗളൂരു: കർണാടകയിലെ ഹിജാബ് വിവാദത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ കർണാടക ഹൈകോടതി. കേസിൽ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി തുടരാനാണ് നിർദേശം. കോളജുകൾ എത്രയും വേഗം തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഹിജാബ് മാത്രമല്ല, കാവി ഷാൾ പുതച്ച് വരികയും ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിർദേശം. അന്തിമ ഉത്തരവ് വരുന്നത് വരെ മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും വിദ്യാർത്ഥികൾ ധരിക്കരുതെന്നും കോടതി നിർദേശം. സമാധാനം തകർക്കുന്ന ഒരു തരം നീക്കങ്ങളും പാടില്ല, സമാധാനം ഉറപ്പാക്കുന്നതാണ് അത്യന്താപേക്ഷിതം എന്നാണ് കോടതി നിരീക്ഷിച്ചത്. ബെംഗളുരു സിറ്റിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ പ്രതിഷേധപ്രകടനങ്ങളും സർക്കാർ വിലക്കിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ തുടരുകയാണ്. എന്നാൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉടൻ തുറക്കണമെന്നാണ് ഹൈക്കോടതി നിർദേശം. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ മൂന്നംഗബഞ്ചാണ് ഉച്ച തിരിഞ്ഞ് ഹിജാബ് നിരോധനത്തിന് എതിരെയുള്ള ഹർജികൾ പരിഗണിച്ചത്.
ഹൈക്കോടതിയിൽ നിന്ന് ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷ രാവിലെ സുപ്രീംകോടതി പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു. ഇക്കാര്യത്തിൽ കോടതി ഉത്തരവ് വരുന്നത് വരെ അന്തിമതീരുമാനം എടുക്കേണ്ടതില്ലെന്നാണ് സംസ്ഥാനമന്ത്രിസഭയുടെയും തീരുമാനം. അതേസമയം, സ്കൂളുകൾ, പ്രീയൂണിവേഴ്സിറ്റി കോളേജുകൾ, ഡിഗ്രി കോളേജുകൾ മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം 200 മീറ്റർ ചുറ്റളവിൽ ബെംഗളുരു സിറ്റി പോലീസ് കമ്മീഷണർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫെബ്രുവരി 22 വരെയാണ് നിരോധനാജ്ഞ നിലനിൽക്കുക. ഹിജാബ് എന്നത് മതവിശ്വാസത്തിന്റെ ഭാഗമാണെന്നും ഹിജാബ് നിരോധനം മൗലികാവാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. കര്‍ണാടകയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
















