ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയുടെ വാടക അടയ്ക്കാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പടെ നിരവധി പാര്‍ട്ടി നേതാക്കള്‍. സുജിത് പട്ടേല്‍ എന്നായാള്‍ നല്കിയ വിവാരാവകാശ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് നേതാക്കള്‍ താമസിക്കുന്ന ഔദ്യോഗിക വസതിയുടെ വാടക കെട്ടികിടക്കുന്നതായി കണ്ടെത്തിയത്.
2012 ഡിസംബറിലാണ് അക്ബര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കോണ്‍ഗ്രസ് ആസ്ഥാനത്തിന് അവസാനമായി വാടക നല്‍കിയത്. 12,69,902 (12.69 ലക്ഷം) രൂപയാണ് കെട്ടിടത്തിൻ്റെ വാടക കുടിശ്ശിക. ജന്‍പഥ് റോഡിലെ സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതി 4610 രൂപയാണ് അടയ്ക്കാനുള്ളത്. 2020 സെപ്റ്റംബറിലാണ് ഔദ്യോഗിക വസതിയുടെ വാടക അവസാനമായി നല്‍കിയത്. സോണിയ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി വിന്‍സെന്റ് ജോര്‍ജ് താമസിക്കുന്ന ചാണക്യപുരിയിലെ ബംഗ്ലാവിൻ്റെ വാടക 2013 ഓഗസ്റ്റിന് ശേഷം നല്‍കിയിട്ടില്ല. 5,07,911 രൂപയാണ് കുടിശ്ശിക.
പൊതുപ്രവര്‍ത്തകനായ സുജിത് പട്ടേല്‍ വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്കാണ് കേന്ദ്ര ഹൗസിങ് നഗര വികസന മന്ത്രാലയം മറുപടി നല്‍കിയിരിക്കുന്നത്. സ്വന്തമായി പാര്‍ട്ടി ആസ്ഥാനം നിര്‍മിക്കാന്‍ കോണ്‍ഗ്രസിന് 2010 ജൂണില്‍ റോസ് അവന്യൂവില്‍ സ്ഥലം അനുവദിച്ചതാണ്. പാര്‍ട്ടി ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടമുള്‍പ്പെടെ ഒഴിയണമെന്ന് കാണിച്ച് 2013ല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി ഒന്നിലധികം തവണ സാവകാശം തേടിയിരുന്നു.
ഇപ്പോള്‍ അഴിമതി കാണിക്കാന്‍ അവസരമില്ലാത്തതിനാലാണ് സോണിയ വാടക നല്‍കാത്തതെന്ന് ബിജെപി നേതാവ് തജീന്ദര്‍ പാല് സിങ് ബഗ്ഗ പരിഹസിച്ചു. സോണിയ ഗാന്ധി സഹായനിധിയിലേക്ക് പത്ത് രൂപ നല്‍കിയെന്നും എല്ലാവരും ഇതിലേക്ക് സംഭവാന നല്‍കണമെന്നും അദ്ദേഹം ട്വിറ്ററില്‍ ആവശ്യപ്പെട്ടു. പണം ട്രാന്‍സ്ഫര്‍ ചെയ്തതിൻ്റെ സ്ക്രീന്‍ ഷോട്ടും ബഗ്ഗ പങ്കുവെച്ചിട്ടുണ്ട്.
















