ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കുള്ള കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റംവരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതുക്കിയ നിർദ്ദേശപ്രകാരം കോവിഡ് റിസ്ക്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള 7 ദിവസത്തെ ക്വാറന്റീൻ എന്ന നിബന്ധന ഒഴിവാക്കി. വിദേശയാത്ര കഴിഞ്ഞെത്തുന്നവർക്ക് ഇനി 14 ദിവസത്തെ സ്വയം നിരീക്ഷണം മാത്രം മതിയെന്നാണ് പുതിയ നിർദ്ദേശം.
തിങ്കളാഴ്ച മുതല്‍ പുതിയ മാര്‍ഗ രേഖ പ്രാബല്യത്തില്‍ വരും. ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈന്, എട്ടാം ദിവസം ടെസ്റ്റ്, നെഗറ്റിവ് ആണെങ്കിലും ഏഴു ദിവസം കൂടി സ്വയം നിരീക്ഷണം എന്നിങ്ങനെയാണ് നിലവിലെ മാര്‍ഗരേഖയില്‍ പറയുന്നത്. ഇത് ഒഴിവാക്കി 14 ദിവസം സ്വയം നിരീക്ഷണം എന്നതു മാത്രമായി ചുരുക്കി. സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ രോഗലക്ഷണങ്ങളുണ്ടായാൽ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം.
മൂന്നാം തരംഗത്തിലെ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. എയര്‍പോര്‍ട്ടില്‍ എത്തുന്ന ഓരോ വിമാനത്തിലെയും രണ്ടു ശതമാനം യാത്രക്കാരെ റാന്‍ഡം ചെക്കിങ്ങിനു വിധേയമാക്കും. ഇവര്‍ക്കു സാംപിള്‍ കൊടുത്തു വീടുകളിലേക്കു പോവാം. യാത്ര പുറപ്പടുന്നതിന് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് ഫലം അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ തുടരും. എന്നാല്‍ ഇതിനു പകരം വാക്സിന് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താലും മതിയാവുമെന്ന് പുതിയ മാര്‍ഗരേഖ പുറത്തിറക്കിക്കൊണ്ട് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
ഇത്തരത്തില്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമായ 82 രാജ്യങ്ങളുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎസ്, ന്യൂസിലാന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ, ഹോങ്കോങ്, സിംഗപ്പൂര്‍, സൗദി അറേബ്യ, ഇസ്രായേല്‍, ബംഗ്ലദേശ്, ഇറാന്, നേപ്പാൾ, മെക്സിക്കോ, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഉണ്ട്. എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ആശുപത്രിയിലേക്കു മാറ്റും. അഞ്ചു വയസ്സില്‍ താഴെയുള്ളവരെ യാത്രയ്ക്കു മുമ്പും ശേഷവുമുള്ള പരിശോധനയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഇവരും പരിശോധനയ്ക്കു വിധേയമാവണം.
















