മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷകനായ ഗ്യാനേശ്വര്‍ ഒതെ ബാങ്കിലെ തൻ്റെ ജന്‍ ധന് അക്കൗണ്ടില്‍ 15 ലക്ഷം വന്നപ്പോള്‍ ആദ്യം അമ്പരന്നു. തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം തൻ്റെ അക്കൗണ്ടില്‍ വന്നതായി ഗ്യാനേശ്വര്‍ സന്തോഷിച്ചു. പിന്നാലെ നന്ദിയറിയിച്ച് കര്ഷകന് മോദിക്ക് കത്തും അയച്ചു.
മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലുള്ള പൈതാന്‍ താലൂക്ക് സ്വദേശിയാണ് ജ്ഞാനേശ്വര്‍ ഒതേ. ബാങ്ക് ഓഫ് ബറോഡയിലെ 2021 ഓഗസ്റ്റ് മാസത്തിൽ തൻ്റെ അക്കൗണ്ടില്‍ വന്ന 15 ലക്ഷം രൂപയില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ വീട് പണിയുന്നതിനായി പിന്‍വലിച്ചു. ആറ് മാസത്തിന് ശേഷം ബാങ്കില്‍ നിന്ന് ഒരു നോട്ടീസ് വന്നതോടെ ജ്ഞാനേശ്വര്‍ ഒതേയുടെ സ്വപ്നങ്ങളെല്ലാം തകര്‍ന്നു.
അബദ്ധത്തിലാണ് താങ്കളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കപ്പെട്ടതെന്നും പിന്‍വലിച്ച തുക മുഴുവനായും തിരിച്ചടക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബാങ്ക് നോട്ടീസ്. വികസന ആവശ്യങ്ങള്‍ക്കായി പിംപല്‍വാടി ഗ്രാമപഞ്ചായത്തിലേക്ക് അനുവദിച്ച തുകയാണ് അക്കൗണ്ട് മാറി ജ്ഞാനേശ്വര്‍ ഒതേയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെട്ടതെന്നാണ് കണ്ടെത്തല്‍. ‘പ്രധാനമന്ത്രി മോദി തൻ്റെ അക്കൗണ്ടിലേക്ക് അയച്ച പണമാണെന്നാണ് കരുതിയത്. അക്കൗണ്ടില്‍ ബാക്കിയുള്ള ആറ് ലക്ഷം രൂപ ബാങ്കിന് തന്നെ തിരികെ നല്കി. എന്നാല്‍ വീടു പണിക്കായി ചെലവഴിച്ച ഒമ്പത് ലക്ഷം രൂപ തിരിച്ചടയ്ക്കാനായിട്ടില്ല’ ജ്ഞാനേശ്വര്‍ ഒതേ പറഞ്ഞു.
















