‘മധുരം’ സിനിമയിലെ ജോജു ജോർജിൻ്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. ജോജു തൻ്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നുവെന്ന് ഭദ്രൻ പറഞ്ഞു. ചിത്രം കാണുന്ന അനുഭവം ഇരട്ടിമധുരമായിരുന്നുവെന്നും അർഥവത്തായ തിരക്കഥയാണ് ചിത്രത്തിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവിധായകന്‍ അഹമ്മദ് കബീറിനെയും അദ്ദേഹം പ്രശംസിച്ചു.
ഭദ്രൻ്റെ കുറിപ്പ്
ഇന്നലെ രാത്രി കാനഡയിലെ എൻ്റെ ഒരു സുഹൃത്ത് വിളിച്ച് ‘മധുരം’ സിനിമ കണ്ടിരുന്നോ? കുറേ കാലങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ സ്വാഭാവികതയുള്ള ഒരു നല്ല ചിത്രം കണ്ടു, അതിൻ്റെ സന്തോഷത്തിലാണ് ഞാന്‍ എന്ന് പറഞ്ഞു.
ജോജു ജോര്‍ജിൻ്റെ പടമല്ലേ എന്ന് കരുതി ഇന്ന് എൻ്റെ വീട്ടിലെ തിയേറ്ററില്‍ കണ്ട് ഇറങ്ങിയപ്പോള്‍ എനിക്കും എൻ്റെ ഭാര്യയ്ക്കും ഇരട്ടി മധുരം നാവില്‍ തൊട്ട സ്വാദ് പോലെ തോന്നി. ഒരാശുപത്രിയിലെ ബൈസ്റ്റാന്‍ഡേഴ്‌സിൻ്റെ പിറകില്‍ സ്വരുക്കൂട്ടിയെടുത്ത അര്‍ത്ഥവത്തായ ഒരു തിരക്കഥ. അവിടെ വരുന്നവരുടെ പ്രിയപ്പെട്ടവരെ ചൊല്ലിയുള്ള അങ്കലാപ്പുകളും കിനാവുകളും പ്രതീക്ഷകളും ഒക്കെ കൂട്ടി കൂട്ടി ഒരു നൂറു മാര്‍ക്കിൻ്റെ സിനിമ. അഹമ്മദ് കണ്‍ഗ്രാറ്റ്‌സ്. മേലിലും നിങ്ങളുടെ സിനിമകള്‍ക്ക് ഈ മധുരം ഉണ്ടാവട്ടെ.
ജോജൂ… തൻ്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു. കുശിനിയിലെ മുട്ടിതടിയ്ക്ക് പിറകില്‍ നിന്ന് ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച പ്രണയഭാവങ്ങള്‍ ഒരു രക്ഷയുമില്ല. ഇനിയും എടുത്ത് എടുത്ത് പറയേണ്ട സന്ദര്‍ഭങ്ങള്‍ നേരില്‍ കാണുമ്പോള്‍ പറയാം…
















