അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന്‍റെ മൃതദേഹത്തിനു മുന്‍പില്‍ ഷാരൂഖ് ഖാന്‍ പ്രാർത്ഥിക്കുന്ന ചിത്രം വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ നടിയും ശിവസേന നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍. വിവിധ രാജ്യാന്തര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച നടനെക്കുറിച്ചാണ് നിങ്ങൾ ഈ പറയുന്നത്. രാഷ്ട്രീയം ഏറ്റവും തരംതാണ അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്നും വളരെ സങ്കടകരമായ സാഹചര്യമാണിതെന്നും ഊര്‍മിള പ്രതികരിച്ചു.
സംഘപരിവാര്‍ സംഘടനകളാണ് ഷാരൂഖിന്‍റെ ചിത്രം വിവാദമാക്കിയത്. മാനേജര്‍ പൂജ ദദ്ലാനിക്കൊപ്പമാണ് ഷാരൂഖ് ചടങ്ങിലെത്തിയത്. ഷാരൂഖ് മുസ്ലിംവിശ്വാസപ്രകാരമുള്ള പ്രാര്‍ഥന (ദുആ) നടത്തുമ്പോള്‍ പൂജ കൈകൂപ്പി പ്രാര്‍ഥിക്കുന്നതായാണ് ചിത്രത്തിലുണ്ടായിരുന്നത്. വിഭാഗീയതയില്‍ മുങ്ങിനില്‍ക്കുന്ന വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയാണ് ഈ ചിത്രമെന്നായിരുന്നു തുടക്കത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ നടന്ന ചര്‍ച്ച.
എന്നാല്‍ ദുആ ചെയ്തശേഷം മുഖാവരണം മാറ്റിയ ഷാരൂഖ് ഖാന്‍ മൃതദേഹത്തില്‍ തുപ്പി എന്ന നിലയ്ക്കുള്ള വിദ്വേഷപ്രചാരണവുമുണ്ടായി. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് വഴി വിദ്വേഷപ്രചാരണം കൊഴുക്കുകയാണ്. ഹരിയാന ബിജെപി നേതാവ് തുടങ്ങിവെച്ച വിദ്വേഷപ്രചാരണം വേഗത്തിലാണ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഇതിനുപിന്നാലെയാണ് ഷാരൂഖ് ഖാനെതിരേ സൈബര്‍ ആക്രമണവും തുടങ്ങിയത്. ആക്രമണങ്ങളെ അപലപിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി. കൈകൂപ്പി പൂജ ദദ്ലാനിയും കൈകളുയര്‍ത്തി ഷാരൂഖും നില്‍ക്കുന്ന ചിത്രത്തെ ‘മതേതര ഇന്ത്യയുടെ ചിത്രം’ എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്.
















