ന്യൂഡല്‍ഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചു. നിലവിൽ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയുടെ വൈസ് ചാൻസലറാണ് ശാന്തിശ്രീ പണ്ഡിറ്റ്.
59കാരിയായ ശാന്തിശ്രീ, ജെഎന്‍യുവില്‍ നിന്നാണ് എംഫിലും പിഎച്ചിഡിയും നേടിയത്. സര്‍വകലാശാല സന്ദര്‍ശിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ശാന്തിശ്രീയെ വൈസ് ചാന്‍സിലറായി നിയമിക്കാനുള്ള അപ്പോയ്‌മെന്റ് ഓര്‍ഡര്‍ അംഗീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം.
1988ല്‍ ഗോവ യൂണിവേഴ്‌സിറ്റില്‍ നിന്നാണ് ശാന്തിശ്രീ അധ്യാപന ജീവിതം ആരംഭിക്കുന്നത്. 1993ല്‍ പുനെ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ അംഗം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ റിസര്‍ച് അംഗവുമാണ്. നിലവിലെ ജെഎന്‍യു വിസിയായ എം ജഗദേഷ് കുമാറിനെ കഴിഞ്ഞയാഴ്ച യുജിസി ചെയര്‍മാനായി നിയമിച്ചിരുന്നു.
















