മുംബൈ: അന്തരിച്ച ഇതിഹാസ ഗായിക ലത മങ്കേഷ്കറുടെ ഭൗതികശരീരം സംസ്കരിച്ചു. മുംബൈ ശിവാജി പാർക്കിൽ വൈകിട്ട് ആറരയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാർക്കിലെത്തിയ മോദി, ഭൗതികശരീരത്തിൽ പുഷ്പചക്രം സമർപ്പിച്ചു. സംസ്കാര ചടങ്ങുകൾ ശിവാജി പാർക്കിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ലത മങ്കേഷ്കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ശ്രദ്ധ കപൂർ തുടങ്ങിയവർ സംസ്കാരച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തു. നിറകണ്ണുകളോടെ ആയിരങ്ങൾ പ്രിയഗായികയ്ക്ക് യാത്രാമൊഴി നൽകി.
അന്ത്യം സംഭവിച്ച മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം വിലാപയാത്രയായി ശിവാജി പാർക്കിലെത്തിച്ചത്. വഴിയോരം നിറയെ ആയിരങ്ങളാണ് പ്രിയ ഗായികയ്ക്ക് അന്ത്യയാത്ര നല്‍കാനെത്തിയിരുന്നത്. ശിവാജി പാർക്കിലും ആരാധകരും സംഗീതപ്രേമികളും തടിച്ചുകൂടി. സഹോദരിയും ഗായികയുമായ ആശാ ഭോസ്‌ലെ, ഷാറൂഖ് ഖാൻ, സച്ചിൻ ടെണ്ടുൽക്കർ, ശരദ് പവാർ, ആദിത്യ താക്കറെ, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി വിവിധ തുറകളിലുള്ള പ്രമുഖരും സംസ്‌കാരചടങ്ങിനു സാക്ഷിയാകാനെത്തി. നേരത്തെ ലതാ മങ്കേഷ്‌കറുടെ വസതിയിലും അമിതാഭ് ബച്ചൻ, അനുപം ഖേർ, ജാവേദ് അക്തർ, സഞ്ജയ് ലീല ബൻസാലി അടക്കം പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.
കോവിഡ് ബാധിതയായി മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8നാണ് ലത മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കോവിഡ് മുക്തയായെങ്കിലും ആരോഗ്യ നില വഷളായതിനെത്തുടർന്ന് ഗായികയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപനശൈലിയുമാണ് ലതാ മങ്കേഷ്‌കറിന് ഇന്ത്യയ്ക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്‌കർ ആയിരത്തിലധികം ബോളിവുഡ് സിനിമകളിൽ പിന്നണി ഗായികയായി. വിദേശഭാഷകളിലുൾപ്പെടെ മുപ്പത്തിയാറിൽപരം ഭാഷകളിൽ ലതാജി എന്ന് ആരാധകർ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും വിളിക്കുന്ന ആ മഹാഗായിക ഗാനങ്ങൾ ആലപിച്ചു. മുപ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ലതയ്ക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം 2001 ൽ നൽകിരാജ്യം ആദരിച്ചു.
















