ഇന്ത്യയുടെ വാനമ്പാടി ലതാ മാങ്കേഷ്കറിനെ കുറിച്ച് പദ്മ സച്ച്ദേവ് എഴുതിയ പുസ്തകമാണ് ‘ഐസാ കഹാെ സേ ലാവൂം’. ആ പുസ്തകത്തില്‍ ഒരു സുപ്രധാനകാര്യത്തെ കുറിച്ച് പദ്മ വെളിപ്പെടുത്തുന്നുണ്ട്. അത് ഇന്ത്യയുടെ പ്രിയ ഗായികയെ ഒരിക്കല്‍ ആരോ സ്ലോ പോയിസൺ നൽകി കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതാണ്. 1963 -ൽ ലതയ്ക്ക് സ്ലോ പോയിസണ്‍ നൽകിയെന്ന് പദ്മ സച്ച്‌ദേവ് ആദ്യമായി വെളിപ്പെടുത്തി. ജീവിതത്തിനും മരണത്തിനും ഇടയിൽ കിടന്ന് മല്ലടിച്ച ശേഷം അത്ഭുതകരമായിട്ടാണ് പ്രിയഗായിക അന്ന് രക്ഷപ്പെട്ടത്.
1963ലാണ് സംഭവമുണ്ടാകുന്നത്. അന്ന് 33 വയസ് മാത്രമാണ് ലതാ മങ്കേഷ്കറിൻ്റെ പ്രായം. ഒരു പുലർച്ചെ അവര്‍ക്ക് അടിവയറ്റിൽ കഠിനമായ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഛർദ്ദിക്കാൻ തുടങ്ങി. രണ്ടുമൂന്നു പ്രാവശ്യം ഛർദ്ദിച്ചു. അത് പച്ചകലർന്ന ദ്രാവകമായിരുന്നു. വേദന കാരണം ലതയ്ക്ക് കാലുകൾ അനക്കാനായില്ല, ശരീരമാകെ വേദനിക്കുന്നുണ്ടായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ചു. മൂന്നു ദിവസം അവര്‍ മരണത്തോട് മല്ലടിച്ചു. പത്ത് ദിവസം വേണ്ടിവന്നു അവരുടെ ആരോഗ്യം ഒന്ന് മെച്ചപ്പെടാന്‍. ഡോക്ടർമാര്‍ അന്ന് പറഞ്ഞത് ആരോ ലതയ്ക്ക് സ്ലോ പോയിസണ്‍ നൽകിയെന്നാണ്.’ – പുസ്തകത്തിൽ പറയുന്നു.
ആ സമയത്ത് ലതാ മങ്കേഷ്‌കറിൻ്റെ പാചകക്കാരൻ ഒരു തുമ്പും കൂടാതെ ശമ്പളം പോലും വാങ്ങാതെ അപ്രത്യക്ഷനായി എന്ന് പറയപ്പെടുന്നു. അയാളും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം എന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തിന് ശേഷം, ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവ് മജ്‌റൂഹ് സുൽത്താൻപുരി ദിവസവും വൈകുന്നേരം ആറുമണിക്ക് ലതാജിയെ അവരുടെ വീട്ടിൽ സന്ദര്‍ശിക്കുമായിരുന്നു.
മജ്‌റൂഹ് ഭക്ഷണം ആദ്യം രുചിച്ചശേഷം മാത്രം ലതയെ കഴിക്കാൻ അനുവദിച്ചിരുന്നുള്ളൂവെന്നാണ് പത്മ സച്ദേവ് കുറിക്കുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള ചലച്ചിത്ര എഴുത്തുകാരി നസ്രീൻ മുന്നി കബീറുമായുള്ള മറ്റൊരു അഭിമുഖത്തിലും, ലത ഈ ഭയപ്പെടുത്തിയ സംഭവവും പറഞ്ഞിരുന്നു.
















