ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് ഉണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 1,07,731 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു മാസത്തിനിടെയുള്ളയുളള ഏറ്റവും കുറഞ്ഞ വ്യാപന നിരക്ക് ആണിത്.
രോഗികളുടെ എണ്ണത്തോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ട്. 7.9 ശതമാനത്തിൽ നിന്നും 7.4 ശതമാനമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്. 865 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 2,13,246 പേരാണ് കഴിഞ്ഞ ദിവസം കോവിഡിൽ നിന്നും രോഗമുക്തി നേടിയത്.
12,25,011 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് ഇതുവരെ 5,01,979 പേർ രാജ്യത്ത് മരിച്ചിട്ടുണ്ട്. 1,69,46,26,697 പേർക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം 1.27 ലക്ഷമായി കുറഞ്ഞിരുന്നു. ഒമിക്രോണിൻ്റെ തീവ്രവ്യാപനം അവസാനിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.
















