മണിപ്പൂർ: സംസ്ഥാനത്ത് വീണ്ടും അധികാരത്തിൽ എത്തിയാൽ സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമം റദ്ദാക്കുമെന്ന് മണിപ്പൂർ കോൺഗ്രസ് വ്യക്തമാക്കി. സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് മൂന്നിൽ ഒന്ന് സംവരണം ഉറപ്പാക്കുമെന്നും യുവാക്കൾക്ക് പ്രതിവർഷം 50,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പാർട്ടി പ്രതിജ്ഞയെടുത്തു. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ പുറത്തിറക്കിയ പ്രകടന പത്രികയിലാണ് കോൺഗ്രസിൻ്റെ ഉറപ്പുകൾ.
കോൺഗ്രസിൻ്റെ പ്രകടനപത്രിക മണിപ്പൂരിൻ്റെ അതിജീവനത്തിനും പുനരുജ്ജീവനത്തിനും വേണ്ടിയാണെന്ന് ജയറാം രമേശ് പറഞ്ഞു. കോൺഗ്രസ് മണിപ്പൂരിനെ വികസനത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ട്രാക്കിലേക്ക് തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് വേണ്ടിയെന്ന് അവകാശപ്പെടുന്ന ബിജെപി സർക്കാർ ജനദ്രോഹമാണ് ചെയ്യുന്നത്. ബിജെപി സർക്കാർ സംസ്ഥാനത്തെ വികസനം അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു.
വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ നേതാക്കളെ ജനങ്ങൾ അവിശ്വസിക്കുമെന്നതിനാൽ ശ്രദ്ധയോടെയും കരുതലോടെയുമാണ് പ്രകടനപത്രിക തയ്യാറാക്കിയതെന്ന് മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് വ്യക്തമാക്കുകയും ചെയ്തു.
















