ഹൈദരാബാദ്: കേന്ദ്രസർക്കാർ ഏർപ്പാടാക്കിയ ഇസഡ് കാറ്റഗറി സുരക്ഷ നിരസിച്ച് എ.ഐ.എം.ഐ.എം. നേതാവ് അസാദുദ്ദീൻ ഒവൈസി. വെടിയുതിർത്തവർക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.
“എനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ആവശ്യമില്ല. നിങ്ങള്‍ എല്ലാവരെയും പോലെ എ കാറ്റഗറി പൗരനാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്കു നേര്‍ക്ക് വെടിയുതിര്‍ത്തവര്‍ക്കെതിരെ യു.എ.പി.എ. ചുമത്താത്തത് എന്തുകൊണ്ടാണ്?”- ഓവൈസി ചോദിച്ചു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ വെച്ച് ഒവൈസിക്ക് നേരെ വെടിവയ്പ്പുണ്ടായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്.
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അസദുദ്ദീൻ ഒവൈസിയുടെ കാറിന് നേരം ആക്രമണമുണ്ടായത്. മീററ്റിന് സമീപം ഹാപ്പൂരിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. സച്ചിന്‍, ശുഭം എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
വെടിവെക്കാൻ ഉപയോഗിച്ച 9 എംഎം പിസ്റ്റൾ പ്രതികളിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ഒവൈസിയുടെ കാറിന് നേരെ വെടിയുതിർത്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ ഫെബ്രുവരി 7 ന് മറുപടി നൽകും. ആക്രമണത്തെ തുടർന്ന് എ.ഐ.എം.ഐ.എം മേധാവിയുടെ സുരക്ഷ കേന്ദ്ര സർക്കാർ അവലോകനം ചെയ്യുകയും അദ്ദേഹത്തിന് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) ഇസഡ് സുരക്ഷ നൽകുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
















