ന്യൂഡൽഹി: എ ഐ എം ഐ എം നേതാവ് അസാദുദ്ദീൻ ഉവൈസിയ്ക്ക് Z കാറ്റഗറി സുരക്ഷ ഏർപ്പാടാക്കിയതായി റിപ്പോർട്ടുകൾ. യുപിയിൽ വച്ച് ഉവൈസിയ്ക്ക് നേരെ വെടിവയ്പ്പുണ്ടായതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ സുരക്ഷ വർധിപ്പിച്ചതെന്നാണ് സൂചന. കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് വ്യക്തികൾക്ക് സുരക്ഷ ഏർപ്പൊടുക്കുന്നത്. ഇൻ്റലിജൻസ് റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് സാധാരണ ഗതിയിൽ വ്യക്തികൾക്ക് സുരക്ഷ ഏർപ്പാടാക്കാറുള്ളത്.
വധ ഭീക്ഷണി അടക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ ഒരുക്കിയത്. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിന് നേരെ കഴിഞ്ഞ ദിവസം വെടിവെപ്പ് ഉണ്ടായിരുന്നു. ഉവൈസി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. വാഹനത്തിൻ്റെ വശങ്ങളിലാണ് വെടിയേറ്റിട്ടുള്ളത്.
വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിന് ശേഷം ആയുധം ഉപേക്ഷിച്ച് സംഘം ഓടിരക്ഷപ്പെട്ടുവെന്ന് ഉവൈസി പറഞ്ഞു. അക്രമികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തുവെന്ന് പോലീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുപിയിലെത്തിയ ഉവൈസി മീററ്റിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.
തൻ്റെ വാഹനത്തിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിവെച്ചെന്നും വാഹനത്തിന്‍റെ ടയർ പഞ്ചറായെന്നും ഉവൈസി എഎൻഐയോട് പറഞ്ഞു. പിന്നീട് മറ്റൊരു വാഹനത്തിലാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചത്. ”മീററ്റിലെ കിതൗറിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത ശേഷം ഞാൻ ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു. ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ച് രണ്ടുപേർ എൻ്റെ വാഹനത്തിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിവെച്ചു. അവർ മൂന്നോ നാലോ പേരുണ്ടായിരുന്നു. എൻ്റെ വാഹനത്തിൻ്റെ ടയറുകൾ പഞ്ചറായി. മറ്റൊരു വാഹനത്തിലാണ് ഞാൻ ഡൽഹിയിലേക്ക് മടങ്ങിയത്”-ഉവൈസി പറഞ്ഞു.
















