കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്നുവരെ ദിലീപ് പറഞ്ഞതിന് തെളിവുണ്ടെന്ന് ബാലചന്ദ്രകുമാര്‍. ദിലീപ് അനൂപിന് കൊടുത്ത നിര്‍ദേശത്തിന്‍റെ ശബ്ദരേഖ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. തെളിവുകള്‍ ഉള്‍പ്പെടുന്ന ഉപകരണങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
തനിക്കെതിരെ ആരോപണം പറയുമ്പോള്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ദീലീപ് അതുപുറത്തുവിടട്ടെ. താന്‍ നവംബര്‍ 25നാണ് പരാതിനല്‍കിയത്. ഡിസംബര്‍ 25ന് ഒരുമാധ്യമം വഴി വാര്‍ത്ത പുറത്തുവരുന്നു. ഡിസംബര്‍ 27നുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ടത്. അതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥരുമായി ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നി്ല്ല.
താന്‍ പോലീസിന് നല്‍കിയ തെളിവുകള്‍ എന്താണെന്ന കാര്യം പോലും രാമന്‍പിള്ള വക്കീല്‍ മനസിലാക്കിയിട്ടില്ല. ഞാന്‍ ഹാജരാക്കേണ്ട തെളിവുകളെല്ലാം കൃത്യസമയത്ത് ഹാജരാക്കിയിട്ടുണ്ട്. അത് അറിയാതെയാണ് ഇപ്പോള്‍ പറയുന്നതെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്നതിൻ്റെ വീഡിയോ താന്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
ഒരാളെ തട്ടുമ്പോള്‍ എങ്ങനെ തട്ടണം തെളിവല്ലാതിരിക്കണമെങ്കില്‍ എന്ന് ദിലീപ് പറയുന്നതിൻ്റെ ശബ്ദരേഖ തൻ്റെ കൈവശമുണ്ട്. അത് പുറത്തുവരുമ്പോള്‍ ചിലരുടെ സംശയം മാറും. അക്കാര്യം വരും മണിക്കൂറില്‍ എല്ലാവരും അറിയുമെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു. സുഹൃത്താക്കളായപ്പോള്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞ പല കാര്യങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്തിട്ടുണ്ട്. അതൊന്നും താന്‍ എവിടെയും പറഞ്ഞിട്ടില്ല.
താന്‍ അന്വേഷണസംഘത്തിന് കൈമാറിയ തെളിവുകളില്‍ പലതും പുറത്തുവന്നിട്ടില്ല. അക്കാര്യം താന്‍ പുറത്തുവിടുമെന്ന് ബാലചന്ദ്രന്‍ പറഞ്ഞു. ദിലീപിൻ്റെ രക്ഷയ്ക്ക് വേണ്ടിയാണ് താന്‍ തിരക്കഥയുണ്ടാക്കിയെന്ന് പറയുന്നതെങ്കിലും താന്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് പോലീസ് തനിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് ദിലീപ് ഹൈക്കോടതിയില്‍. ഏതു വിധേനയും തന്നെ ജയിലില്‍ അടയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതെന്നും, മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടെ ദിലീപ് അറിയിച്ചു. ഹര്‍ജിയില്‍ ജസ്റ്റിസ് പി ഗോപിനാഥിൻ്റെ ബെഞ്ച് നാളെയും വാദം കേള്‍ക്കും.

















