കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നാളെയും വാദം തുടരും. ഇന്ന് പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയാക്കിയ ശേഷം പ്രോസിക്യൂഷൻ്റെ ഭാഗം കേട്ട ശേഷം ആവശ്യമെങ്കിൽ വാദിക്കാമെന്നായിരുന്നു ദിലീപിൻ്റെ അഭിഭാഷകൻ രാമൻ പിള്ള വ്യക്തമാക്കിയത്. കേസ് നാളെ 1.45 ന് വീണ്ടും പരിഗണിക്കും.
തനിക്കെതിരെയുള്ള കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്ന് ദിലീപിൻ്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു. ജസ്റ്റിസ് പി ഗോപിനാഥാണ് കേസ് പരിഗണിച്ചത്. ഇന്ന് രണ്ടു മണിക്കൂറോളം നീണ്ട വാദങ്ങളാണ് ദിലീപിന് വേണ്ടി ഹാജരായ രാമന്‍ പിള്ള നടത്തിയത്. വാദങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഇരുഭാഗത്തോടും ഹൈകോടതി ആവശ്യപ്പെട്ടു.
കേസ് ഇങ്ങനെ നീട്ടി കൊണ്ടുപോകാന്‍ കഴിയില്ലെന്നും നാളെയെങ്കിലും തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട 161 മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. ഒരു കത്തിൻ്റെ മാത്രം അടിസ്ഥാനത്തില്‍ എഡിജിപി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് ഗൂഢാലോചന കേസ് തയാറാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥൻ്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും ദിലീപ് വാദിച്ചു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ഫോണുകൾ പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയക്കും. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലാണ് പരിശോധന നടത്തുക. ഇന്ന് രാവിലെ ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്ന ക്രൈംബ്രാഞ്ചിൻ്റെ ആവശ്യത്തിന് ആലുവ മജിസ്‌ട്രേറ്റ് കോടതി അനുവാദം നല്‍കുകയായിരുന്നു. ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി പാറ്റേണ്‍ ലോക്കുകളും പാസ്‌വേര്‍ഡും ദിലീപ് കോടതിക്ക് കൈമാറി.

















