കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന കേസിലെ എഫ്‌ഐആര്‍ ഹൈക്കോടതി പരിശോധിച്ചു. കേസില്‍ എഫ്‌ഐആര്‍ ചോദ്യം ചെയ്ത ദിലീപ്, ചിലരുടെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഫ്‌ഐആറിലുള്ളതെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. തൻ്റെ വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭര്‍ത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്.
ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍പിള്ള ചോദിച്ചു. ദിലീപിൻ്റെ വാക്കുകള്‍ കേട്ട് അവിടെ ഇരുന്ന ആരെങ്കിലും പ്രതികരിച്ചോ? എന്തു ധാരണയിലാണ് അവര്‍ എത്തിയത്? ഇതൊന്നുമില്ല. പിന്നെങ്ങനെയാണ് ഗൂഢാലോചനയാവുക? അന്വേഷണ ഉദ്യോഗസ്ഥനെ ഏതെങ്കിലും ട്രക്ക് ഇടിച്ചുവീഴ്ത്തിയാലും തൻ്റെ ഒന്നര കോടി പോവുമല്ലോ എന്നു ദിലീപ് പറഞ്ഞതായാണ് പരാതിയിലുള്ളത്.
എന്തു സംഭവിച്ചാലും അതു തൻ്റെ തലയില്‍ വരുമെന്നു മാത്രമാണ് ദീലീപ് ഉദ്ദേശിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. കേസിലെ പ്രധാന തെളിവായ, സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്നു പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ പൊലീസിനു മുന്നില്‍ ഹാജരാക്കിയിട്ടില്ല. ഇതില്‍ ഇതിനകം എഡിറ്റിങ് വരുത്തിയിട്ടുണ്ടാവാം. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്കു മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒടുവില്‍ പോലീസിനു കൈമാറിയ പെന്‍ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണ്.
സംഭാഷണങ്ങളില്‍ നല്ലൊരു പങ്കും മുറിച്ചുമാറ്റിയാണ് പോലീസിനു കൈമാറിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനാ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് ഇതു നിലനില്‍ക്കില്ലെന്ന് ബി രാമന്‍ പിള്ള വാദിച്ചു. പഴയ കേസുമായി ബന്ധപ്പെട്ട മൊഴിയുടെ അടിസ്ഥാനത്തിലും പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനാവുമെന്ന് ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് പി ഗോപിനാഥ് ചൂണ്ടിക്കാട്ടി.
പുതിയ എഫ്‌ഐആറില്‍ പറയുന്ന കുറ്റം വ്യത്യസ്തമാണ്. അതുകൊണ്ടു പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ തെറ്റുണ്ടെന്നു കരുതാനാവില്ലെന്ന് കോടതി പറഞ്ഞു. മൊഴിയിലും എഫ്‌ഐആറിലും വൈരുദ്ധ്യങ്ങളുണ്ടെന്ന് ദിലീപിൻ്റെ അഭിഭാഷകന്‍ വാദിച്ചു. ദിലീപ് രണ്ടു പേരുടെ പേരു പറഞ്ഞ് അവര്‍ അനുഭവിക്കും എന്നു പറഞ്ഞതായാണ് ആദ്യ മൊഴി. പിന്നീട് ഇതില്‍ മൂന്നു പേരുകള്‍ ചേര്‍ക്കുകയാണ് ചെയ്തത്. കുറച്ചു പേര്‍ ചേര്‍ന്നു കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണിതെന്നുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.

















