പ്രമുഖ മറാത്തി, ഹിന്ദി നടനും നിര്‍മാതാവുമായ രമേഷ് ഡിയോ (93) അന്തരിച്ചു. മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്.
മഹാരാഷ്ട്രയിലെ അമരാവതിയില്‍ ജനിച്ച രമേഷ് ഡിയോ 1951 ല്‍ പുറത്തിറങ്ങിയ പത്‌ലാചി പോര്‍ എന്ന മറാത്തി ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അടുത്തതായി അഭിനയിച്ച മക്തോ ഏക് ദോല എന്ന മറാത്തി ചിത്രത്തിലെ വില്ലന്‍ വേഷം ശ്രദ്ധ നേടുകയും ചെയ്തു. 1962 ല്‍ റിലീസ് ചെയ്ത ആരതിയാണ് ആദ്യ ഹിന്ദിചിത്രം. ആനന്ദ്, ആപ്കി കസം, പ്രേം നഗര്‍, മേരേ ആപ്‌നേ, ഫക്കീറ തുടങ്ങിയ 285 ലേറെ ഹിന്ദി ചിത്രങ്ങളിലും 190 ലേറ മറാത്തി ചിത്രങ്ങളിലും വേഷമിട്ടു. കൂടാതെ നിരവധി സിനിമകളും ഡോക്യുമെന്ററികളും ടെലിവിഷന്‍ സീരിയലുകളും നിര്‍മിക്കുകയും ചെയ്തു.
















