ബംഗളൂരു: കാമുകിമാരിൽ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു. ഒരേ സമയം രണ്ട് യുവതികളുമായി പ്രണയബന്ധം സൂക്ഷിച്ച യുവാവാണ് കർണാടകയിലെ സോമേശ്വറിൽ വെള്ളിയാഴ്ച മരിച്ചത്. ദക്ഷിണ കന്നഡയിലെ എളിയാർപടവ് സ്വദേശിയായ ലോയ്ഡ് ഡിസൂസയാണ്(28) മരിച്ചത്.
ലോയിഡ് ഡിസൂസ ഒരേ സമയം രണ്ടുപേരെ പ്രണയിക്കുന്നതായി കാമുകിമാര്‍ കണ്ടെത്തുകയായിരുന്നു. പ്രശ്‌നം പറഞ്ഞുതീര്‍ക്കുന്നതിന് രണ്ടുപേരെയും സോമേശ്വര്‍ ബീച്ചിലേക്ക് യുവാവ് വിളിച്ചുവരുത്തി. അവിടെ വച്ച് തങ്ങളെ വഞ്ചിച്ചതായി ആരോപിച്ച് കാമുകനുമായി യുവതികള്‍ വാക്കുതര്‍ക്കമുണ്ടായി. മറ്റൊരു പെണ്‍കുട്ടിയെ ലോയിഡ് ഇഷ്ടപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് യുവതികളില്‍ ഒരാള്‍ കടലിലേക്ക് എടുത്തുചാടി.
ഇതിന് തൊട്ടുപിന്നാലെ യുവതിയെ രക്ഷിക്കാന്‍ കടലില്‍ ചാടിയപ്പോഴാണ് അപകടം ഉണ്ടായത്. യുവതിയെ രക്ഷിച്ചശേഷമാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. തിരമാലയില്‍പ്പെട്ട യുവാവിൻ്റെ തല പാറയില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ബീച്ചിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് യുവാവിനെ കടലില്‍ നിന്ന് കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ലോയിഡ്, കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് നാട്ടില്‍ എത്തിയത്. അതിനിടെയാണ് രണ്ടു പെണ്‍കുട്ടികളെ പരിചയപ്പെടുകയും അവരുമായി ഒരേസമയം ഇഷ്ടത്തിലാവുകയും ചെയ്തതെന്ന് പോലീസ് പറയുന്നു.
















