കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തുന്നു. ന്യൂറോ മരുന്നുകളും ആന്റിവെനങ്ങളും നൽകിയത് ഫലം കണ്ടേക്കും. നിലവിൽ വെന്റിലേറ്ററിൽ കഴിയുന്ന വാവാ സുരേഷ് ഇന്ന് ബോധാവസ്ഥയിലെത്തുമെന്നാണ് ഡോക്ടർമാർ കണക്ക് കൂട്ടുന്നത്. ഡോക്ടർമാർ കൃത്യമായ ഇടവേളകളിൽ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്.ശരീരത്തിലേറ്റ വിഷത്തിന്റെ പാർശ്വഫലങ്ങൾ അറിയാൻ ഏഴുദിവസമെടുക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
കഴിഞ്ഞ ദിവസം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

















