കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഹർജിക്കാരുടെ ഭൂമിയിൽ കെ റെയിലിനായി സർവേ നടത്തരുതെന്നായിരുന്നു ഇടക്കാല ഉത്തരവ്. ഈ തീരുമാനം സിൽവർ ലൈൻ പദ്ധതികളെ അട്ടിമറിക്കുമെന്നും സാമൂഹികാഘാത പഠനത്തെ തടസപ്പെടുത്തുമെന്നുമാണ് സർക്കാർ വാദം.
സർവ്വേ നിർത്തി വയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങൾക്ക് വഴിവെക്കും. സാമൂഹികാഘാത സർവ്വേ നിർത്തി വെക്കുന്നത് പദ്ധതി വൈകാൻ കാരണമാകും. ഇത് പദ്ധതി ചെലവ് ഉയരാന്‍ ഇടയാക്കുമെന്നും ഹർജിയിൽ പറയുന്നു. പദ്ധതിക്കായി ഡിപിആർ തയാറാക്കിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന സിംഗിൾ ബെഞ്ച് നിർദേശം ഒഴിവാക്കണമെന്നും സർക്കാർ അപ്പീലിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

















