കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെ കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. അന്വേഷണത്തോട് പൂർണമായി സഹകരിച്ചെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോണുകളിൽ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം വേണമെന്നും പ്രതിഭാഗം ആവശ്യപ്പെടും.
കേസിനെ വഴി തിരിച്ചുവിടാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവൻ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ അറിയിക്കും. അതുകൊണ്ടുതന്നെ ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി തള്ളണമെന്നതാണ് പ്രോസിക്യൂഷൻ ആവശ്യം. ഇക്കാര്യത്തിൽ വാദങ്ങൾ പരിശോധിച്ച ശേഷം കോടതി തീരുമാനം കൈക്കൊള്ളും.

















