കൊല്‍ക്കത്ത: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജി. ചെറിയ പാർട്ടികൾ ബി.ജെ.പിക്കെതിരെ ഒന്നിക്കണമെന്നും മമത പറഞ്ഞു.
സമാജ്‍വാദി പാർട്ടിക്കും അഖിലേഷ് യാദവിനുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ. അഖിലേഷിന് പിന്തുണ നല്‍കാന്‍ ഫെബ്രുവരി എട്ടിന് ഉത്തര്‍പ്രദേശിലെത്തുമെന്ന് മമത അറിയിച്ചു. പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നാല്‍ 2024ല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.
ഗോവയിലും ത്രിപുരയിലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സജീവമാക്കിയെന്നും മമത പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റിലും തൃണമൂല്‍ വിജയിക്കും. എട്ട് ബി.ജെ.പി നേതാക്കള്‍ തൃണമൂലിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നും മമത ബാനര്‍ജി പറഞ്ഞു.
















