തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഇ-ഫയൽ പ്രവർത്തനം നിലച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. ജനുവരി 25 ന് നിലച്ച പ്രവർത്തനം ഇപ്പോഴും ശരിയായിട്ടില്ല. സോഫ്റ്റ് വെയർ മാറ്റത്തിനായി ജനുവരി 30 വരെ തടസപ്പെടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി 2 ആയിട്ടും ഇ-ഫയൽ സേവനം ലഭിക്കുന്നില്ല എന്നാണ് പരാതി.
സെക്രട്ടറിയേറ്റിലെ 95 ശതമാനം ഫയലുകളും നിലവിൽ ഇ-ഫയൽ ആണ്. അതിനാൽ തന്നെ സെക്രട്ടറിയിൽ ഫയൽ നീങ്ങുന്നത് പൂർണമായും നിലച്ച അവസ്ഥയാണ് ഉള്ളത്. കോവിഡ് കാലമായതിനാൽ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും ഫയലുകൾ ഒപ്പുവെക്കാൻ പ്രധാനമായി ആശ്രയിക്കുന്നത് ഇ-ഫയലിനെയാണ്. എന്നാൽ സേവനം നിലവിൽ പ്രവർത്തന രഹിതമാണ്.
ഇ-ഫയൽ പ്രവർത്തന രഹിതമായതോടെ സാധാരണക്കാർ മുതൽ വ്യാപാരികളും മറ്റും വലിയ ബുദ്ധിമുട്ടിലാണ്. ടാക്സ് പേയ്‌മെന്റ് മുതൽ ബില്ലുകൾ മാറികിട്ടാനുള്ള കോൺട്രാക്ടർമാർ വരെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. ഇ റിട്ടേർണിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്താനും മറ്റു അപേക്ഷകൾക്കും ഉള്ള അവസാന ദിവസം പോലും സേവനം ഉപയോഗപ്പെടുത്താൻ ആകുമോ എന്ന ആശങ്കയും പലർക്കും ഉണ്ട്.
അതേസമയം, ഇ-ഫയലിംഗ് ശരിയാക്കുന്നത് വൈകിക്കുന്നത് മുഖ്യമന്ത്രി കേരളത്തിൽ എത്തുന്നത് വരെ തള്ളി നീക്കാൻ ആണെന്ന ആരോപണവും ശക്തമാണ്. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന് ഫയലുകൾ നോക്കാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനാണ് ഈ സമയത്തുള്ള സോഫ്ട്‍വെയർ മാറ്റവും ശരിയാക്കുന്നത് വൈകിപ്പിക്കലുമെന്നാണ് ആരോപണം. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്ക് ഉള്ള ക്വാറന്റൈൻ സമയം കഴിഞ്ഞ ദിവസം വെട്ടിക്കുറച്ചത് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങാൻ സമയമായതിനാൽ ആണെന്ന ആരോപണം നിലനിൽക്കെയാണ് പുതിയ ആരോപണം കൂടി ഉയരുന്നത്.

















