ന്യൂഡല്‍ഹി: സിൽവർ ലൈനിന് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കി. കേരളം നൽകിയ ഡിപിആർ പൂർണമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, കെ മുരളീധരൻ എന്നിവർക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഡിപിആര്‍ സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡിപിആറില്‍ ഇല്ല. ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തിയിട്ടില്ല. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ എന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്നും കെ-റെയില്‍ അധികൃതര്‍ പ്രതികരിച്ചു.

















