തിരുവനന്തപുരം: കെ ടി ജലീലിനെതിരെ ലോയേഴ്സ് കോൺഗ്രസ്സിന് പിന്നാലെ കോടതിയലക്ഷ്യനടപടിയുമായി ബിജെപിയും. ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഏജിയെ സമീപിച്ചു. പ്രതിഫലം പറ്റി ഐസ്ക്രീം കേസിൽ ജസ്റ്റിസ് സിറിയക് ജോോസഫ് വിധി പറഞ്ഞുവെന്ന ജലീലിന്‍റെ പരാമർശം അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ ആണ്. ഇത് നീതിന്യായവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണെന്നും ജലീലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി വേണമെന്നുമാണ് കത്തിലെ ആവശ്യം.
കോഴ വാങ്ങിയാണ് ഐസ്ക്രീം പാർലർ കേസിൽ ജഡ്ജിമാർ വിധി പറഞ്ഞതെന്ന ജലീലിന്‍റെ പരാമർശം നീതിന്യായവ്യവസ്ഥക്ക് എതിരാണ്. അതിനാൽ ജലീലിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി നൽകണമെന്നും അപേക്ഷയിൽ പറയുന്നു. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് എംജി സർവകലാശാല വിസി പദവി വിലപേശി വാങ്ങിയെന്നാണ് കെ ടി ജലീൽ ലോകായുക്തക്കെതിരെ ആദ്യ ആരോപണം ഉന്നയിച്ചത്.
ഇതിനെതിരെ പ്രതിപക്ഷം വിമർശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഐസ്ക്രീം പാർലർ കേസിൽ പി കെ കുഞ്ഞാലിക്കുട്ടിയെ വെറുതെവിട്ട ഹൈകോടതി വിധിയുടെ പകർപ്പ് ജലീൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. കൂടാതെ, സിറിയക് ജോസഫിന്‍റെ സഹോദര ഭാര്യക്ക് വിസി നിയമനം കിട്ടിയതിന്‍റെ രേഖയും ജലീല്‍ പോസ്റ്റ് ചെയ്തിരുന്നു.

















