തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയ ശേഷം ബസ് ചാര്‍ജ് വര്‍ധനയില്‍ അന്തിമ തീരുമാനം എടുക്കും.
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ നവംബറിലാണ് സര്‍ക്കാര്‍ ബസുടമകള്‍ക്കു ഉറപ്പ് നല്‍കിയത്. രണ്ട് മാസം പിന്നിട്ടിട്ടും ഈ ഉറപ്പ് പാലിക്കാത്തതില്‍ ബസുടമകള്‍ നിലപാടു കടുപ്പിക്കാനിരിക്കെയാണ് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അത്രയും വര്‍ധനയുണ്ടാകില്ലെന്ന സൂചന ഗതാഗത മന്ത്രി നല്‍കി. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുമ്പോള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ഥികളുടെ യാത്ര സൗജന്യമാക്കാനാണു സര്‍ക്കാര്‍ ഒരുങ്ങുന്നത്.

















