ചങ്ങാനശ്ശേരി: വാവ സുരേഷിന് മൂർഖൻ്റെ കടിയേറ്റത്തിന് ശേഷമുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. വ്‌ളോഗറായ എസ് എസ് സുധീഷ്‌കുമാര്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. വാവ സുരേഷിൻ്റെ കാൽ മുട്ടിന് മുകളിലാണ് പാമ്പ് കടിച്ചത്. പാമ്പിൻ്റെ കടിയേറ്റ ഉടൻ സുരേഷ് പാന്റ് പൊക്കി വച്ച് രക്തം ഞെക്കി പുറത്തേക്ക് കളയുന്നത് കണ്ടുവെന്നും അധികം ആഴത്തിലുള്ള മുറിവ് ആയിരിക്കില്ല എന്നാണ് അപ്പോൾ കരുതിയതെന്ന് സംഭവം കണ്ട ദൃക്‌സാക്ഷി പറയുന്നു.
വാവ സുരേഷ് പ്രഥമശുശ്രൂഷ നടത്തുന്നതും പാമ്പിനെ പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നാട്ടുകാര്‍ക്കിടയിലേക്കു പോയ പാമ്പിനെ പിന്തുടര്‍ന്ന് പിടിച്ചു. ആശുപത്രിയിലേക്ക് പോയത് പ്രാഥമിക ശുശ്രൂഷനടത്തിയശേഷമാണ്. പാന്റ്സ് മുകളിലേക്ക് തെറുത്തുകയറ്റി മുറുക്കി. സ്വയം ചോര ഞെക്കി കളഞ്ഞു. രക്തം കണ്ടപ്പോഴാണ് കടിയേറ്റെന്ന് മനസിലാക്കിയതെന്നും സുധീഷ് പറഞ്ഞു.
ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങുകയാണ്. തലച്ചോറിൻ്റെ പ്രവർത്തനവും സാധാരണ നിലയിലേക്ക് എത്തുന്നതായി ഡോക്ടർമാർ അറിയിച്ചു. നില മെച്ചപ്പെടുന്നതോടെ അധികം താമസിയാതെ വെന്റിലേറ്ററിൽ നിന്ന് മാറ്റാനാകുമെന്നാണ് പ്രതീക്ഷ. കണ്ണുകൾ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ട്. ദ്രവരൂപത്തിൽ ഭക്ഷണം നൽകുന്നുണ്ട്. വാവാ സുരേഷിൻ്റെ സഹോദരൻ സത്യദേവൻ, സഹോദരി ലാലി, സുഹൃത്തുക്കൾ എന്നിവരും ആശുപത്രിയിലുണ്ട്.

















