ന്യൂഡല്‍ഹി: ചൈനീസ് സൈന്യത്തിനെതിരെ ആരോപണവുമായി അരുണാചലിലെ മിറോം തരോണിൻ്റെ പിതാവ്. ചോദ്യം ചെയ്യലിനിടെ ചൈനീസ് സൈന്യം മകനെ രണ്ട് ഷോക്കടിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. രക്ഷപ്പെടാന്‍ ശ്രമിച്ച മകനെ ചവിട്ടിയെന്നും ആരോപണം. മകന് വലിയ വേദന അനുഭവിക്കുകയാണെന്നും പിതാവ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചൈനീസ് പട്ടാളം ഇന്ത്യക്ക് കൈമാറിയ മിറോമിനെ കഴിഞ്ഞ ദിവസമാണ് മാതാപിതാക്കള്‍ക്ക് കൈമാറിയത്.
ചൈനീസ് കസ്റ്റഡിയിലായിരുന്നപ്പോള്‍ കണ്ണ് മൂടിക്കെട്ടിയും കൈകള്‍ ബന്ദിച്ച അവസ്ഥയിലുമായിരുന്നു. ഭക്ഷണസമയത്തും കൈമാറുന്നതിന് മുന്‍പും മാത്രമാണ് കൈയിലെ കെട്ട് അഴിച്ച് മാറ്റിയത്. എന്നാല്‍ തൻ്റെ മകന് അവര്‍ ആവശ്യത്തിന് ഭക്ഷണം നല്‍കിയെന്നും ഒപാങ് കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ചയാണ് തരോണ്‍ തിരിച്ച് കുടുംബത്തോടൊപ്പം ചേര്‍ന്നത്.
ജനുവരി 18ന് ലങ്താ ജോര്‍ മേഖലയില്‍ വെച്ചാണ് തരോണിനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയത്. 27ന് വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷം ചൈനീസ് സൈന്യം തരോണിനെ ഇന്ത്യയ്ക്ക് കൈമാറി. ഗ്രാമത്തില്‍ തിരിച്ചെത്തിയ മിറാമിനെ ഗ്രാമവാസികളും പ്രാദേശിക ഭരണകൂടവും സ്വീകരിച്ചു.
















