ലക്‌നൗ: സർവിസിൽ നിന്ന് സ്വയം വിരമിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിങ് ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും. സരോജിനി നഗറിൽനിന്നാണ് രാജേശ്വർ സിങ് മത്സരിക്കുക. 2 G സ്പെക്ട്രം, അഗസ്താവെസ്റ്റ്ലാന്‍ഡ് ഇടപാട് തുടങ്ങി രണ്ടാം യുപിഎ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരിരുന്നു രാജേശ്വര്‍.
സംസ്ഥാന വനിത ശിശുക്ഷേമ മന്ത്രി സ്വാതി സിങ്, ഭര്‍ത്താവ് ദയാശങ്കര്‍ സിങ് എന്നിവര്‍ ലക്ഷ്യം വച്ചിരുന്ന പ്രധാനപ്പെട്ട സീറ്റാണ് രാജേശ്വര്‍ സിങിന് ബിജെപി നല്‍കിയിരിക്കുന്നത്. അതേസമയം ലക്‌നൗവിലെ സീറ്റുകളില്‍ സ്ഥാനാര്‍ഥിത്വം മോഹിച്ചിരുന്ന പല പ്രമുഖരും പട്ടികയില്‍ ഇടം നേടിയിട്ടില്ല. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിൻ്റെ മരുമകള്‍ അപര്‍ണ യാദവും റീത്താ ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷിയും പട്ടികയിലില്ല.
പാര്‍ട്ടി കോട്ടയായ ലക്‌നൗ കണ്ടോന്‍മെന്റില്‍ മന്ത്രി ബ്രിജേഷ് പതക് സ്ഥാനാര്‍ഥിയാകും. അപര്‍ണ യാദവും, മായങ്ക് ജോഷിയും ഈ സീറ്റിനായി ചരടുവലികള്‍ നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ എസ് പി സ്ഥാനാര്‍ഥിയായ മത്സരിച്ച അപര്‍ണ ബിജെപി സ്ഥാനാര്‍ഥിയായ റീത്ത ബഹുഗുണ ജോഷിയോട് പരാജയപ്പെട്ടിരുന്നു. അടുത്തിടെ എസ് പി വിട്ട അപര്‍ണ ബിജെപിയില്‍ ചേരുകയായിരുന്നു. ലക്‌നൗ ഈസ്റ്റില്‍ മന്ത്രി അശുതോഷ് തണ്ടനാണ് സ്ഥാനാര്‍ഥി. രജ്‌നേഷ് ഗുപ്ത ലക്‌നൗ സെന്‍ട്രലിലും സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലക്‌നൗവില്‍ ആകെയുള്ള 9 സീറ്റുകളില്‍ 8 എണ്ണത്തിലും ബിജെപിയാണ് വിജയിച്ചിരുന്നത്.
















