ന്യൂഡൽഹി: കാര്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയ ഡല്‍ഹി സര്‍ക്കാരിൻ്റെ ഉത്തരവ് അസംബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി. എന്തുകൊണ്ടാണ് പ്രസ്തുത ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും മാറിയ സാഹചര്യത്തില്‍ എന്തുകൊണ്ട് പിന്‍വലിക്കുന്നില്ലെന്നും കോടതി ചോദിച്ചു.
ജസ്റ്റിസുമാരായ വിപിൻ സാംഗി, ജസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് സ്വന്തം കാറിൽ നിങ്ങൾ ഇരിക്കുകയാണെങ്കിലും മാസ്ക് ധരിക്കണമോ? എന്ന് ഡൽഹി സർക്കാരിനോടു ചോദിച്ചത്. അമ്മയോടൊപ്പം കാറിൽ ഇരുന്ന് കാപ്പി കുടിച്ച ആൾ മാസ്ക് ധരിച്ചില്ലെന്നു കാണിച്ചു പിഴ ചുമത്തിയ കേസ് പരിഗണിക്കവെയായിരുന്നു ഇത്.
പ്രൈവറ്റ് കാറിൽ ഒറ്റയ്ക്ക് മാസ്ക് ധരിക്കാതെ യാത്ര ചെയ്തതിനു പിഴ ചുമത്തിയതിൽ ഇടപെടാനാകില്ലെന്ന 2021 ഏപ്രിൽ 7ലെ ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ ഉത്തരവ് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഉയർത്തിക്കാട്ടി. ഇങ്ങനെയൊരു ഉത്തരവ് മോശം കാര്യമാണെങ്കിൽ എന്തുകൊണ്ടു സർക്കാരിനു പിൻവലിച്ചുകൂടാ എന്നാണ് കോടതി ചോദിച്ചത്. ഉത്തരവ് പാസാക്കിയത് ഡൽഹി സർക്കാർ ആണെങ്കിലും കേന്ദ്രം ആണെങ്കിലും പുനഃപരിശോധിക്കണമെന്നും കോടതി പറഞ്ഞു.
















