കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ഹോം സൂപ്രണ്ട് സൽമയെ സ്ഥലംമാറ്റി. ചില്‍ഡ്രന്‍സ് ഹോമിൻ്റെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ – ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനെതിരെ വകുപ്പ് തല നടപടിയും സ്വീകരിച്ചിട്ടുണ്ട്. വനിത ശിശുവികസന വകുപ്പ് ഹോമില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വനിതാ ശിശു വികസന വകുപ്പ് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്നും ചാടിപ്പോയത്. ഇവരിൽ നാലുപേരെ മലപ്പുറത്ത് നിന്നും രണ്ടുപേരെ ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്. അതേ സമയം ചാടിപ്പോയ പെൺകുട്ടികൾക്കൊപ്പം കണ്ടെത്തിയ യുവാവ് ചാടിപ്പോയ സംഭവത്തിൽ പോലീസുകാർക്കെതിരെയും നടപടിയെടുത്തിരുന്നു.
സ്‌റ്റേഷനിൽ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. രണ്ടു യുവാക്കളെയാണ് പെൺകുട്ടികൾക്കൊപ്പം കണ്ടെത്തിയത്. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന മൊഴിയിലാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്ന് കുട്ടികൾ മടിവാള പോലീസിന് മൊഴി നൽകിയിരുന്നു.
ചിൽഡ്രൻസ് ഹോമിലെ അവസ്ഥകൊണ്ടാണ് തങ്ങൾ പുറത്ത് പോയതെന്നും അവിടെ സുരക്ഷിതമല്ലെന്നും പെൺകുട്ടികൾ പരാതിപ്പെട്ടിരുന്നു. ഇതിലെ ഒരു പെൺകുട്ടിയെ അമ്മക്കൊപ്പം വിട്ടിരുന്നു. ബാക്കി കുട്ടികളെ വീട്ടുകാർക്കൊപ്പം അയക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ബാലക്ഷേമ സമിതി അറിയിച്ചിട്ടുണ്ട്.

















