കോട്ടയം: കോട്ടയത്ത് പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടേഴ്‌സ്. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവകരൂപത്തിൽ ഭക്ഷണം നൽകി തുടങ്ങിയെന്നും ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുക്കും.
വെന്റിലേറ്റർ പൂർണമായും നീക്കി ആരോഗ്യനില വിലയിരുത്തിയാൽ മാത്രമേ അപകടാവസ്ഥ തരണം ചെയ്തോയെന്ന് പറയാൻ കഴിയൂ. ഇന്നലെ പുലർച്ചെ മുതൽ അദ്ദേഹം സ്വയം ശ്വസിച്ചു തുടങ്ങിയിട്ടുണ്ട്. തട്ടിവിളിക്കുമ്പോൾ തലയനക്കുന്നുണ്ട്. തലച്ചോറിൻ്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കൈകാലുകളിലെ പേശികളുടെ ശേഷി പൂർണമായും തിരിച്ചുകിട്ടിയിട്ടില്ല.
കോട്ടയം കുറിച്ചിയിൽവെച്ച് തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഏഴടി നീളമുള്ള മൂർഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ സുരേഷിന്‍റെ വലതുതുടയിൽ കടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളജ് സൂപ്രണ്ടിൻ്റെയും അസിസ്റ്റന്റ് സൂപ്രണ്ടിൻ്റെയും മേൽനോട്ടത്തിൽ പ്രത്യേക മെഡിക്കൽ സംഘമാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്. ചികിത്സയുടെ മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നത്.

















