കോട്ടയം:എം.ജി സർവകലാശാലയിലെ ക്ലറിക്കൽ അസിസ്റ്റന്‍റുമാരുടെ സ്ഥാനക്കയറ്റത്തിൽ ക്രമക്കേട് നടന്നെന്ന് റിപ്പോർട്ട്. അനധ്യാപക നിയമനങ്ങൾ പി.എസ്‍.സിക്ക് വിട്ട ശേഷം 49 നിയമനങ്ങൾ ചട്ടം ലംഘിച്ച് നടന്നതായി ധനകാര്യ പരിശോധന വിഭാഗം 2020ൽ നൽകിയ റിപ്പോർട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കൈക്കൂലി കേസിൽ പിടിയിലായ എൽസിയടക്കമുള്ളവരുടെ പേരുകൾ ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം നേടിയവരുടെ പട്ടികയിലുണ്ട്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെയും ചട്ടം ദുർവ്യാഖ്യാനം ചെയ്തുമായിരുന്നു ഇവരുടെ നിയമനങ്ങൾ.
അതേസമയം 2008ലെ സുപ്രീംകോടതി ഉത്തരവ് സർവകാശാലാ നിയമം ആയില്ലെന്ന ന്യായീകരണം നിരത്തി നടത്തിയെടുത്തത് 31 നിയമനങ്ങൾ. 10 വർഷം മുമ്പുള്ള കോടതി ഉത്തരവ് നിയമമാക്കേണ്ടിയിരുന്നത് ആരാണ്. അനധികൃത നിയമനം നടത്തിയ സിൻഡിക്കേറ്റ് തന്നെ. സർവകലാശാല സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായി വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ മാത്രമായിരുന്നു ക്ലറിക്കൽ അസിസ്റ്റന്‍റുമാരെ അസിസ്റ്റന്‍റുമാരാക്കിയത്. പിഎസ്‍സി മുഖേന ലഭിക്കേണ്ട 31 പേരുടെ നിയമനം ഇല്ലാതാക്കി. ഈ നിയമനങ്ങളെല്ലാം റദ്ദാക്കണമെന്നും ചുക്കാൻ പിടിച്ച സിൻഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ധനകാര്യ പരിശോധന വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

















