മുംബൈ: മുംബൈയിൽ കൂടുതൽ കൊവിഡ് ഇളവുകൾ പ്രഖ്യാപിച്ചു. പ്രവേശനവിലക്കുകൾ നീക്കി ജനങ്ങൾക്കായി നഗരം തുറന്നു. പാർക്കുകളിലും സ്‌പാകളിലും ബീച്ചുകളിലും ജനത്തിന് പ്രവേശിക്കാം.
രാത്രികാല കർഫ്യൂ ഒഴിവാക്കി. റസ്റ്ററന്റുകൾക്കും തിയറ്ററുകൾക്കും 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാം. 200 പേരെ പരമാവധി ഉൾപ്പെടുത്തി കല്യാണങ്ങൾ നടത്താം. നീന്തൽക്കുളങ്ങളിലും 50 ശതമാനം പേർക്കാണ് പ്രവേശനം. എന്നാൽ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ പരിധി ഉണ്ടാകില്ല.
ഭജനകളും മറ്റ് സാംസ്കാരിക പരിപാടികളും നടക്കുന്ന ഹാളുകളിൽ 50 ശതമാനം ആളുകൾക്ക് പ്രവേശിക്കാം. രാത്രി സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഇല്ല. കായിക മത്സരങ്ങൾ നടക്കുന്ന സ്ഥലത്ത് 25 ശതമാനം കാണികൾക്ക് പ്രവേശനമുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളും ചന്തകളും തുറന്നുപ്രവർത്തിക്കും.
ഇന്ന് 1000ൽ താഴെ കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ഇവിടെ കൊവിഡ് നിയന്ത്രങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചത്.
















