കോട്ടയം: പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബോർഡ്. കണ്ണുകൾ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് തലയാട്ടി പ്രതികരിച്ചു തുടങ്ങി. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലായി. മരുന്നുകളോടും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു.
അതേസമയം, ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണനിലയിൽ എത്തേണ്ടതുണ്ട്.
കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ 6 വിദഗ്ധ ഡോക്ടർമാരാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്.
കുറിച്ചി പാട്ടാശ്ശേരിയിൽ തിങ്കളാഴ്ച മൂർഖനെ പിടികൂടാൻ എത്തിയപ്പോഴാണ് വാവ സുരേഷിന് കടിയേറ്റത്. ആറടിയിലേറെ നീളമുള്ള മൂർഖനെ വാലിൽ തൂക്കിയെടുത്ത ശേഷം ചാക്കിലേക്കു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ആദ്യം പാമ്പ് ചീറ്റിയെങ്കിലും ഒഴിഞ്ഞുമാറി. എന്നാൽ, രണ്ടാംതവണ കാലിൽ ആഞ്ഞുകൊത്തുകയായിരുന്നു.

















