കൊച്ചി: ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും തൻ്റെ കൈയില്‍ ഇല്ലെന്ന് ദിലീപ് പറഞ്ഞ ഫോണിൻ്റെ വിവരങ്ങള്‍ ഹൈക്കോടതിയ്ക്ക് കൈമാറി പ്രോസിക്യൂഷന്‍. ഈ ഫോണില്‍നിന്ന് 2,000 കോളുകള്‍ വിളിച്ചെന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയ്ക്ക് കൈമാറിയത്. അതിനിടെ, ദിലീപ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറിയ ഫോണുകളെല്ലാം പരിശോധിക്കാനും കോടതി തീരുമാനിച്ചു.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദീലിപീനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്. ദിലീപും കൂട്ടാളികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടിഎ ഷാജി ആവര്‍ത്തിച്ചു.
അന്വേഷണ സംഘം ആവശ്യപ്പെട്ട ഏഴു ഫോണുകളില്‍ ആറെണ്ണം മാത്രമാണ് ദിലീപും സംഘവും ഹാജരാക്കിയത്. ഹര്‍ജിയില്‍ നാലാമതായി ചൂണ്ടിക്കാട്ടിയ ഫോണ്‍ കൈമാറിയിട്ടില്ല. അതു കൈവശമില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഈയടുത്ത കാലം വരെ അത് ഉപയോഗിച്ചതിനു തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഒരു ഫോണ്‍ മാത്രമാണോ കൈമാറാത്തത് എന്ന കോടതിയുടെ ചോദ്യത്തിന് മൂന്നെണ്ണമാണെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. അന്വേഷണവുമായി സഹകരിക്കാത്തത് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നു കോടതി അഭിപ്രായപ്പെട്ടു.

















