മലപ്പുറം: ലോകായുക്താ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഫേസ്ബുക്കിൽ വിമർശനം തുടർന്ന് കെ ടി ജലീൽ. ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി നിയമിച്ചത് മറ്റ് മാർഗങ്ങളില്ലാതെയാണെന്ന് കെ ടി ജലീൽ ആരോപിച്ചു. രണ്ട് പേരിൽ ഒരാൾ പദവി ഏറ്റെടുക്കാത്തത് കൊണ്ടാണ് സിറിയക് ജോസഫിനെ നിയമിച്ചതെന്നു ജലീല്‍ പറഞ്ഞു.
അതുകൊണ്ട് തന്നെ ലോകായുക്തയെ നിയമിച്ചത് ഇടത് സർക്കാരാണെന്ന കാരണം ചൂണ്ടികാട്ടി ആരും ഇടതുപക്ഷ പ്രവർത്തകരുടെ നെഞ്ചത്ത് കയറണ്ടന്നും ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു.
ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ലോകായുക്ത നിയമനം നടന്നത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തല്ലേ എന്ന് ചോദിക്കുന്നവരോട്.
അന്ന് നിലവിലെ നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു മാന്യൻ എത്ര നിർബന്‌ധിച്ചിട്ടും പദവി ഏറ്റെടുക്കാൻ തയ്യാറാകാതെ തന്റെ വിസമ്മതം അറിയിച്ചു. പിന്നെ ശേഷിച്ചയാളെ നിയമിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ സർക്കാരിന് മുന്നിൽ ഇല്ലായിരുന്നു. ഇനി അതും പറഞ്ഞ് ഇടതുപക്ഷ പ്രവർത്തകരുടെ നെഞ്ചത്ത് ആരും കയറണ്ട.
അതിനിടെ ലോകായുക്തക്കെതിരായ ആക്ഷേപത്തിൽ മുൻ മന്ത്രി കെടി ജലീലിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കാൻ ലോകായുക്തയിൽ ഹർജിയെത്തി. ലോയോഴ്സ് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് രാജീവ് ചാരാച്ചിറയാണ് ഹർജി നൽകിയത്. ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റുകൾ ലോകായുക്തയെന്ന ജുഡീഷ്യൽ സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് ഹർജി. അതിനാൽ കോടതിയലക്ഷ്യത്തിന് നടപടി എടുക്കണമെന്നാണ് ആവശ്യം.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ചെയ്യാൻ മടിക്കാത്ത ആളാണെന്നടക്കം ജലീൽ ആരോപണമുന്നയിച്ചിരുന്നു.. ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാൻ സഹോദര ഭാര്യ ജാൻസി ജെയിംസിന് വിസി പദവി വിലപേശി വാങ്ങിയെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ വിമർശിച്ചിരുന്നു.

















