ന്യൂഡല്‍ഹി: ബിജെപി നേതാവ് സാധ്വി പ്രജ്ഞാസിങ് ഠാക്കൂറിന് കോവിഡ് സ്ഥിരീകരിച്ചു. പ്രജ്ഞാസിങ് തന്നെയാണ് കോവിഡ് പോസിറ്റീവ് ആയ കാര്യം അറിയിച്ചത്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും അവര്‍ വ്യക്തമാക്കി. ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപിയാണ് പ്രജ്ഞാസിങ്. കഴിഞ്ഞ രണ്ട് ദിവസത്തില്‍ എംപിയുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് കോവിഡ് പരിശോധന നടത്താനും നിരീക്ഷണത്തില്‍ പോകാനും എംപി നിര്‍ദ്ദേശിച്ചു.
ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും ട്വീറ്റില്‍ എംപി ആവശ്യപ്പെടുന്നു. കോവിഡ് സംബന്ധിയായി പരാമര്‍ശങ്ങള്‍ക്ക് നേരത്തെ ഏറെ വിമര്‍ശനം നേരിട്ട ബിജെപി നേതാവാണ് ഇവര്‍. കൊറോണ വൈറസ് ഉണ്ടാക്കുന്ന ശ്വാസകോശത്തിലെ അണുബാധ ചെറുക്കാന്‍ ഗോമൂത്രത്തിന് സാധിക്കുമെന്നായിരുന്നു ഇവരുടെ അവകാശവാദം. തനിക്ക് കോവിഡ് വരാത്തതും ഗോ മൂത്രം കുടിക്കുന്നത് മൂലമെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.
ആലും വേപ്പും പോലുള്ള മരങ്ങള്‍ കുറവായതുകൊണ്ടാണ് രാജ്യത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടായതെന്നും പ്രജ്ഞാസിങ് പറഞ്ഞിരുന്നു. ഭോപ്പാലിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവം ആയില്ലെന്ന വിമര്‍ശനത്തിനിടെയാണ് പ്രഗ്യയുടെ പ്രതികരണം. കോവിഡ് മഹാമാരിയെ തുരത്താന്‍ നിത്യവും ഹനുമാന്‍ കീര്‍ത്തനം ചൊല്ലണമെന്ന നിര്‍ദ്ദേശവുമായും പ്രജ്ഞാസിങ് താക്കൂർ എത്തിയിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ തറക്കല്ലിടുന്ന ഓഗസ്റ്റ് അഞ്ച് വരെ ഹനുമാന്‍ കീര്‍ത്തനം ആലപിക്കണമെന്നായിരുന്നു പ്രജ്ഞാസിങ് താക്കൂര്‍ ആവശ്യപ്പെട്ടിരുന്നത്.
2008ലെ മാലേഗാവ് സ്ഫോടനകേസിലെ പ്രതിയായ പ്രഗ്യ സിങ് താക്കൂർ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരാകാത്തത് വിവാദമായിരുന്നു. കോടതി നടപടികളിൽ നിന്നും ഒഴിഞ്ഞുനിൽക്കുമ്പോഴും പൊതുവേദിയിൽ ഡാൻസ് ചെയ്തതും മൈതാനത്ത് അവർ കായിക മത്സരങ്ങളിൽ ഏർപ്പെട്ടതും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
















