കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ നടന്‍ ദിലീപിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപിൻ്റേയും ഒപ്പമുള്ളവരുടേയും ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നതിൽ നാളെ ഉച്ചയ്ക്ക് കോടതി തീരുമാനം പറയും. ഏത് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കണം എന്നതിൽ കോടതി നാളെ തീരുമാനം പറയും. നാളെ 1.45-നാണ് ഉപഹർജി പരിഗണിക്കുക.
തൻ്റെ വീട്ടിൽ നിന്നും കൊണ്ടു പോയ എല്ലാ ഗാഡ്ജറ്റുകളും പോലീസിൻ്റെ കൈവശമുണ്ടെന്നും വാദത്തിനിടെ ദിലീപ് ചൂണ്ടിക്കാട്ടി. ഫോണുകളിൽ കൃത്രിമമായി എന്തെങ്കിലും തിരികി കേറ്റാനുള്ള സാധ്യതയും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടി. എന്താണ് ഈ ഫോണിൽ പ്രധാനപ്പെട്ടതായിട്ടുള്ളതെന്ന് രാമൻപിള്ള വാദത്തിനിടെ ചോദിച്ചു. കേസിൽ തങ്ങളും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന ശ്രദ്ധേയമായ പരാമർശം ഇന്നത്തെ വാദത്തിനിടെ രാമൻപിള്ളയിൽ നിന്നുണ്ടായി.
നിലവിൽ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നും ഒരു കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കട്ടേയെന്നും രാമൻപിള്ള പറഞ്ഞു. അന്വേഷണ ഏജൻസിയിൽ നേരത്തെ പലവട്ടം അവിശ്വാസം രേഖപ്പെടുത്തിയ ദിലീപ് ഇതാദ്യമായാണ് സിബിഐ അന്വേഷണത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. തൻ്റെ അമ്മ ഒഴികെ ഒപ്പമുള്ള എല്ലാവരേയും പ്രതികളാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്നും മാധ്യമവിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്നും ദിലീപ് പറഞ്ഞു.
ഫോണുകൾക്കായി സർക്കാർ ഉപഹർജി ഫയൽ ചെയ്ത് തങ്ങൾക്ക് നോട്ടീസ് കിട്ടും മുൻപേ ഇതേക്കുറിച്ച് ഒരു മാധ്യമസ്ഥാപനം തന്നെ വിളിച്ച് പ്രതികരണം ആരാഞ്ഞെന്നും എങ്ങനെയാണ് ഈ വിവരങ്ങളെല്ലാം പുറത്തു പോകുന്നതെന്നും രാമൻപിള്ള ചോദിച്ചു. ഫോണുകൾ പോലിസിന് വിട്ടു നൽകിയാൽ അതിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന് ദിലീപിൻ്റെ അഭിഭാഷകൻ അഡ്വ.ബി രാമൻപ്പിള്ള വാദിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ഇപ്പോൾ വിട്ടുനൽകരുതെന്നും വ്യാഴാഴ്ച ജാമ്യഹർജിയിൽ തീരുമാനം വന്ന ശേഷമേ ഫോണുകൾ കൊടുക്കാവൂ എന്ന് രാമൻപിള്ള വാദിച്ചു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുൻപ് ഫോണിലെ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം ദിലീപ് അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണത്തിൻ്റെ ഭാഗമായി അറസ്റ്റ് തടഞ്ഞിരിക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോവാനാവുന്നില്ല. തെളിവിന് വേണ്ടി കോടതി മുന്‍പാകെ വന്ന് ഇരക്കേണ്ട അവസ്ഥയാണ് പ്രോസിക്യൂഷനുള്ളത്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. അതിനാല്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. ജാമ്യം അനുവദിക്കരുത്.
ഫോണുകള്‍ മുംബൈയിലയച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ദിലീപിൻ്റെ ആവശ്യം കേട്ടുകേള്‍വി ഇല്ലാത്തതാണ്. ഒരു കേസിലുംആര്‍ക്കും ഇത്തരം ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. ദിലീപിന് ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കും. ഒരു പ്രതിക്കും ഇത്രയധികം പ്രിവിലേജ് കിട്ടിയിട്ടില്ല. കേസില്‍ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ട്.
ഏഴ് ഫോണിൻ്റെ കാര്യമാണ് ദിലീപ് ആദ്യം പറഞ്ഞത്. എന്നാല്‍ ഏഴില്‍ കൂടുതല്‍ ഫോണുകള്‍ ഉണ്ടാവാം. ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത് തന്നെ അന്വേഷണം അട്ടിമറിക്കാനാണ്. ഫോണിൻ്റെ വിവരങ്ങള്‍ തന്നത് പ്രതിയല്ല. ഫോണ്‍ വിവരങ്ങള്‍ സിഡിആര്‍, ഐഎംഇ രേഖകള്‍ വെച്ച് അന്വേഷണ സംഘം കണ്ടുപിടിച്ചതാണ്. ദിലീപ് ഫോണുകള്‍ മാറ്റിയത്. നിസ്സഹകരണമായി കണക്കാക്കാം. ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

















