കോഴിക്കോട്: ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. എഎസ്ഐ സജി, സിപിഒ ദിലീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവത്തില്‍ പോലീസുകാര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്ട്ടിന്മേലാണ് സസ്പെന്‍ഡ് ചെയ്തുള്ള തീരുമാനം. ഇന്നലെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പേരടി വീട്ടില്‍ ഫെബിന് റാഫി(26)യാണ് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയത്. തിരിച്ചിലിനൊടുവില്‍ പോലീസ് ഇയാളെ കണ്ടെത്തിയിരുന്നു. ബെംഗളൂരുവില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം കണ്ടെത്തിയ രണ്ട് മലയാളി യുവാക്കളില്‍ ഒരാളാണ് ഇയാള്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. കര്‍ണാടകയിലെ ഹോം സ്റ്റേയില്‍ മുറിയെടുക്കാന്‍ സാഹിയിച്ചതും ഇയാളായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങിയപ്പോള്‍ പരിചയപ്പെട്ടവരാണ് ഇരുവരുമെന്നും മുന്‍പരിചയമൊന്നും ഇല്ലെന്നുമാണ് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. എന്നാൽ പിടിയിലായ പ്രതികൾ തെറ്റുചെയ്യ്തിട്ടില്ലെന്നും തങ്ങളെ സഹായിക്കാനാണ് ശ്രമിച്ചതെന്നും പെൺകുട്ടികൾ പറഞ്ഞു.

















