കൊച്ചി: മാതാപിതാക്കളിലൊരാള്‍ നേരത്തേ മരിക്കുകയും അവശേഷിച്ച ആളെ കോവിഡ് കവര്‍ന്നെടുക്കുകയും ചെയ്തതോടെ പൂര്‍ണ അനാഥരായി മാറിയ കുട്ടികള്‍ക്കുള്ള രണ്ടാംഘട്ട ധനസഹായമായി സര്‍ക്കാര്‍ 1.48 കോടി രൂപ അനുവദിച്ചു. 10 ജില്ലയിലെ 47 കുട്ടികള്‍ക്ക് മൂന്നുലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റും 2000 രൂപ പ്രതിമാസ ധനസഹായവും അനുവദിച്ചാണ് ഉത്തരവായത്.
നേരത്തേ 12 ജില്ലയിലെ 56 പേര്‍ക്ക് 1.71 കോടി രൂപ അനുവദിച്ചിരുന്നു. കൊല്ലം ജില്ലയില്‍ എട്ട് കുട്ടികള്‍ക്ക് 24 ലക്ഷം എഫ്.ഡിയും 1,60,000 രൂപ പ്രതിമാസ സഹായവും രണ്ടാം ഘട്ടമായി അനുവദിച്ചു.വനിത-ശിശു വികസന വകുപ്പ്, ജില്ല വനിത-ശിശു വികസന ഓഫിസര്‍മാരും ജില്ല ശിശുസംരക്ഷണ ഓഫിസര്‍മാരും മുഖേനയാണ് ഫണ്ട് അനുവദിക്കുന്നത്. ഫിക്സഡ് ഡെപ്പോസിറ്റായ മൂന്നുലക്ഷം രൂപ വീതം ഒരാഴ്ചക്കുള്ളില്‍ അര്‍ഹരായ കുട്ടിയുടെയും ജില്ല ശിശുസംരക്ഷണ ഓഫിസറുടെയും പേരില്‍ ട്രഷറിയില്‍ നിക്ഷേപിക്കും.
പത്തനംതിട്ടയിലെ ഒരു കുട്ടിക്ക് മൂന്നുലക്ഷവും 18,000 രൂപയും ആലപ്പുഴയിലെ അഞ്ചുപേര്‍ക്ക് 15 ലക്ഷവും 1,42,000 രൂപയും എറണാകുളത്തെ അഞ്ചുപേര്‍ക്ക് 15 ലക്ഷവും 96,000 രൂപയും തൃശൂരിലെ എട്ടുപേര്‍ക്ക് 24 ലക്ഷവും 8000 രൂപയും പാലക്കാട്ടെ രണ്ടുപേര്‍ക്ക് ആറുലക്ഷവും 60,000 രൂപയും ഇടുക്കിയിലെ ആറുപേര്‍ക്ക് 18 ലക്ഷവും 1,08,000 രൂപയും മലപ്പുറത്തെ നാലുപേര്‍ക്ക് 12 ലക്ഷവും 72,000 രൂപയും കണ്ണൂരിലെ മൂന്നുപേര്‍ക്ക് ഒമ്ബത് ലക്ഷവും 36,000 രൂപയും കാസര്‍കോട്ടെ അഞ്ചുപേര്‍ക്ക് 15 ലക്ഷവും 64,000 രൂപയും വീതമാണ് അനുവദിച്ചത്. കുട്ടികള്‍ക്ക് 18 വയസ്സാകും വരെയാണ് ഇവരുടെയും രക്ഷാകര്‍ത്താവിന്റെയും ജോയന്റ് അക്കൗണ്ടിലേക്ക് പ്രതിമാസം 2000 രൂപ നിക്ഷേപിക്കുക.
















