ദുബായ് : ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയതും വിലപിടിപ്പുള്ളതുമായ ആംബുലൻസ് ദുബായിൽ സേവനം ആരംഭിച്ചു. യു.എ.ഇ.യിൽതന്നെ നിർമിച്ച ഡബ്ള്യു മോട്ടോർസിന്റെ ലൈക്കാൻ ഹൈപ്പർസ്പോർട്സ് സൂപ്പർകാറാണ് ദുബായ് എക്സ്പോവേദിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
2012-ൽ ലെബനിൽ ആരംഭിച്ച ഡബ്ള്യു മോട്ടോർസിന്റെ ഈ അതിവേഗവാഹനം മണിക്കൂറിൽ 400 കിലോമീറ്റർ വരെ വേഗമെടുക്കുന്നതാണ്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഇതിന് വേണ്ടത് വെറും 2.8 സെക്കന്റ് മാത്രമാണ്. 1.3 കോടി ദിർഹമാണ് ഇതിന്റെ വില.
ലൈക്കാൻ ഹൈപ്പർസ്പോർട്സ് ഏഴെണ്ണംമാത്രമാണ് നിർമിച്ചിട്ടുള്ളത്. 780 എച്ച്.പി. കരുത്തുള്ള പോർഷെ ട്വിൻ ടർബോചാർജ്ഡ് എൻജിനാണ് ഇതിന് കരുത്തുപകരുന്നത്. 440 വജ്രങ്ങൾ പതിച്ച എൽ.ഇ.ഡി. ഹെഡ്‌െെലറ്റുകളാണ് വാഹനത്തിന് വെളിച്ചമേകുക. ഒപ്പം സ്വർണംപതിച്ച ഇന്റീരിയറുകളും വാഹനത്തിന്റെ പ്രത്യേകതയാണ്.