സാമൂഹ്യ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ ഇടതുപക്ഷ സഹയാത്രികൻ അഡ്വ. ജഹാംഗീർ ആമിന റസാഖിനെതിരെ ബലാത്സംഗത്തിനെതിരെ കേസടുത്തതായി റിപ്പോർട്ട്. കോഴിക്കോട് എലത്തൂർ സ്റ്റേഷനിലാണ് നിലമ്പൂർ സ്വദേശിയായ ഇയാൾക്കെതിരെ കേസെടുത്തത്. 30 ൽ പരം സ്ത്രീകളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നിരവധി സ്ത്രീകളെ ചൂഷണം ചെയ്തതിനൊപ്പം ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിയതായും സൂചനകളുണ്ട്.
വിവാഹ മോചിതരും ഭർത്താവ് മരിച്ചവരും കുടുംബ പ്രശ്നങ്ങളിൽ ഉള്ളവരുമായ സ്ത്രീകളെയാണ് ഇയാൾ ഇത്തരത്തിൽ ചൂഷണം ചെയ്‌തത്. കടുത്ത ഇടതുപക്ഷ സഹയാത്രികനായ ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഫോട്ടോയിൽ വരെ എൽഡിഎഫ് ക്യാപ്ഷൻ ആണ്. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനൊപ്പം ഇവരുടെ നഗ്ന ചിത്രങ്ങളും വീഡിയോയും ഇയാൾ കൈക്കലാക്കാറുണ്ട്. ഇതുവെച്ച് ഭീഷണിപ്പെടുത്തിയാണ് പിന്നീട് ബന്ധപ്പെടാറുള്ളത്.
ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിലും ഹൈക്കോടതി അഭിഭാഷകൻ ആണെന്ന് പറഞ്ഞാണ് ഇയാൾ പലരെയും ബന്ധപ്പെടാറുള്ളത്. അഡ്വ. ജയശങ്കറുമായും അഡ്വ. ഹരീഷ് വാസുദേവനുമായും അടുത്ത ബന്ധമുണ്ടെന്ന് എല്ലാവരോടും ഇയാൾ പറയാറുണ്ട്. എന്നാൽ ഇവർക്ക് ഇയാളുമായി യാതൊരു ബന്ധവുമില്ലെന്ന് ഇവർ അറിയിച്ചു. അഡ്വ. ഹരീഷ് വാസുദേവൻ ഇക്കാര്യം വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു. കോൺഗ്രസ് നേതാവ് താര ടോജോ അലക്സ്, പ്രേം കുമാർ, തുടങ്ങി നിരവധിപ്പേർ ജഹാംഗീർ ആമിന റസാഖിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്.
അഡ്വ. ഹരീഷ് വാസുദേവൻ ശ്രീദേവിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സാധാരണ ഞാൻ വ്യക്തികളെ ടാർഗറ്റ് ചെയ്തു പോസ്റ്റുകൾ ഇടാറില്ല. ഞാൻ രണ്ടാമതും കോവിഡ് പോസിറ്റീവ് ആയി വീട്ടിലിരിക്കുമ്പോൾ, ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നത് കൊണ്ടു, ഫോണിൽ പറയാൻ ചുമ അനുവദിക്കാത്തത് കൊണ്ടാണ് ഈ പോസ്റ്റ്.
ഹൈക്കോടതി വക്കീൽ ആണെന്ന് നുണ പറഞ്ഞു കഴിഞ്ഞ 6 വർഷമായി ജഹാംഗീർ ആമിന റസാക്ക് എന്നയാൾ ആളുകളെ പറ്റിക്കുന്നതായി അറിയാം. 2015 ലോ മറ്റോ ഒന്നുരണ്ടു മാസം ഇവിടെ പ്രാക്ടീസ് ചെയ്തു കണ്ടിട്ടുണ്ട്. മാന്യമല്ലാത്ത കാരണത്താൽ നിന്ന ഓഫീസുകളിൽ നിന്നൊക്കെ പുറത്താക്കി. (അതിലൊന്ന്, ഒരു റേപ്പ് വിക്റ്റീമിനോട് കോടതിയിലേക്ക് പോകുംവഴി സെക്ഷ്വൽ ഫേവർ ചോദിച്ചു എന്നതാണെന്ന് അന്ന് ഇയാളുടെ കൂടെ ജോലി ചെയ്ത വക്കീൽ എന്നോട് ഈ വാർത്ത കണ്ടു സാക്ഷ്യം പറയുന്നു.)
പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ലെങ്കിലും, “ഹൈക്കോടതിയിലേക്ക്” എന്നൊക്കെ കാറിലിരുന്ന് ഫോട്ടോ സഹിതം ഇടയ്ക്ക് ഇയാളുടെ FB പോസ്റ്റുകൾ കാണാറുണ്ട്. വക്കീലന്മാരിൽ പലരും ഇവിടെ മൂക്കത്ത് വിരൽ വെയ്ക്കും, “ഇവനെങ്ങനെ സാധിക്കുന്നു ഇങ്ങനെ നുണ പറയാൻ !!
“ഹരീഷിന്റെ സുഹൃത്താണോ” എന്നു എന്നോട് നേരിട്ടു ചോദിച്ച എല്ലാവരോടും ഇയാളുടെ ഫ്രോഡ് സ്വഭാവത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. പബ്ലിക് നോട്ടീസ് കൊടുത്തിട്ടില്ല, എന്നിട്ട് വേണം പ്രൊഫഷണൽ റൈവൽറി ആണെന്ന്, ഇയാൾക്ക് മേനി പറയാൻ 😄.
കോഴിക്കോട് ലോ കോളേജിൽ പഠിച്ച കാലത്തേ ജഹാംഗീറിനെ അറിയാം, സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനു സഹപാഠികളുടെ, SFI ക്കാരുടെ നല്ല തല്ലു കിട്ടിയിട്ടുണ്ട് ഇവന്. അതായിരിക്കണം SFI യുമായുള്ള ഇയാളുടെ ഏക ബന്ധം. ഒരു മാസം ജോലി ചെയ്ത മലപ്പുറത്തെ ഒരു സ്ഥാപനത്തിൽ നിന്ന് സ്ത്രീ വിഷയത്തിൽ പുറത്താക്കിയതും നേരിട്ടറിയാം. കാരണം, ആ സ്ഥാപനത്തിൽ ഞാനും അതേസമയം ജോലി ചെയ്തിരുന്നു.
എത്ര സ്ത്രീകളോട് ജഹാംഗീർ ലൈംഗികബന്ധം പുലർത്തണം എന്നതൊക്കെ തികച്ചും സ്വകാര്യമായ കാര്യമാണ്. എനിക്കൊരു എതിർപ്പുമില്ല. എന്നാൽ വിവാഹവാദ്ഗാനം നടത്തി എത്രയോ സ്ത്രീകളെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തു എന്ന ആരോപണം ഗൗരവമുള്ളതാണ്. ഞെട്ടിക്കുന്ന പല തെളിവുകളും പുറത്തുവന്നു കഴിഞ്ഞു. ഇരകളിൽ ചിലരെ നേരിൽ അറിയാം. നഗ്നഫോട്ടോ എടുത്ത് വെച്ചു അവരെ ഭീഷണിപ്പെടുത്തുന്നത് കൊണ്ട് ചിലർ പരാതിപ്പെടാൻ വരുന്നില്ല എന്നത് അതിലേറെ ഗൗരവമുള്ളതാണ്. ജഹാംഗീറിനെ 17 വർഷമായി കാണുന്നത് കൊണ്ട് ഇതിൽ ഒരതിശയോക്തിയും ഉണ്ടാകാൻ ഇടയില്ല എന്നാണ് എന്റെ തോന്നൽ. ഇപ്പോൾ പരാതി കൊടുത്ത ആ ഇരയോടൊപ്പം. കേസ് അന്വേഷണം നടക്കട്ടെ.
മാധ്യമങ്ങൾ കൊടുത്ത സ്‌പേസ് ജഹാംഗീർ ഉപയോഗിച്ചത് തന്റെ ഇരകളെ വലവീശി പിടിക്കാൻ ആയിരുന്നു. അവർക്ക് ഈ വാർത്ത കൊടുക്കാനും ബാധ്യതയുണ്ട്.
ഫ്രോഡുകൾ എന്നായാലും ഒരുനാൾ വിചാരണ നേരിടും.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fharish.vasudevan.18%2Fposts%2F10159910059272640&show_text=true&width=500
താര ടോജോ അലക്സിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു ക്ലബ് ഹൗസ് മീറ്റിംഗിൽ വച്ചാണ് ജഹാംഗീർ ആമിന റസാഖ് എന്ന ഈ വ്യക്തിയോട് ആദ്യമായും അവസാനമായും സംസാരിച്ചത്. കോൺഗ്രസിനെ പ്രതിനിധീകരിച്ചുള്ള പാനലിൽ ഞാനും സിപിഎമ്മിനെ പ്രതിനിധീകരിച്ച് ഇയാളും ചർച്ചയുണ്ടായിരുന്നു.
ചർച്ച മുന്നോട്ട് പോകും തോറും, ഇയാളുടെ ധാർഷ്ട്യവും, ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന പ്രതികരണങ്ങളും, മറ്റുള്ളവരോടുള്ള അവജ്ഞയും ധിക്കാരവും നേരിട്ട് കാണാൻ ഇടയായി. എന്തായാലും ചർച്ച അവസാനിച്ചപ്പോൾ, മറ്റുള്ളവരെ ബഹുമാനിക്കാൻ അറിയാത്ത ഇയാളെ പോലുള്ള “undemocratic bullies” നേ അതിഥിയായി വിളിക്കുന്ന ചർച്ചയ്ക്ക് ദയവു ചെയ്തു എന്നെ വിളിക്കരുത് എന്ന് മീറ്റിംഗ് സംഘാടകരോട് ഞാൻ പറഞ്ഞു.
അഡ്വ. ജഹാംഗീർ ആമിന റസാഖ് എന്ന ഇയാൾക്കെതിരെ കോഴിക്കോട് എലത്തൂർ പോലീസ് സ്റ്റേഷനിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു എന്നാണ് ഇപ്പൊൾ അറിയാൻ കഴിഞ്ഞത്. 30തിൽപ്പരം സ്ത്രീകളെയാണ് ഇയാൾ exploit ചെയ്തതെന്ന് പറയുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Ftaratojoalex%2Fposts%2F478953320264869&show_text=true&width=500
പ്രേം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഭൂലോക ഫ്രോഡും സെക്സ്പ്ലോയിസ്‌റ്റുമായ അഡ്വ. ജഹാംഗീർ ആമിന റസാഖിന്റെ പേരിൽ കോഴിക്കോട് എലത്തൂർ പോലീസ് സ്റ്റേഷനിൽ റേപ് കേസ് രജിസ്റ്റർ ചെയ്തു.
SFI യൂണിറ്റ് സെക്രട്ടറി പോലുമായിരുന്നിട്ടില്ലെങ്കിലും ജില്ലാ സെക്രട്ടറിയായിരുന്നെന്ന് പറഞ്ഞ് നടന്ന മഹാനാണ്.
പരാതിക്കാരിയുടെ മെഡിക്കൽ പരിശോധന, മജിസ്‌ട്രേറ്റിനു മുമ്പിൽ മൊഴികൊടുക്കൽ എന്നിവ പൂർത്തിയായി.
30തിൽപ്പരം സ്ത്രീകളെയാണ് ഇയാൾ ഇതേ രീതിയിൽ സെക്സ്പ്ലോയിറ്റ് ചെയ്തതെന്ന് പറയുന്നു.
അഞ്ചാറുപേരെയെങ്കിലും എനിക്ക് നേരിട്ടറിയാം.
എങ്ങനെയാണ് നേരിട്ടറിയുന്നതെന്നല്ലേ?
ഈ വിദ്വാൻ എന്റെ എഫ്.ബി. സുഹൃത്തായിരുന്നു; ഞാനെന്തെഴുതിയാലും ആദ്യം വന്ന് ലൈക്കും.
പലപ്പോഴും ‘എന്റെ പ്രേമൻ മാഷ്’ എന്നൊക്കെ ഇഷ്ടത്തോടെ കമന്റും.
‘മാഷെത്തൊട്ടാൽ വിവരമറിയും’ എന്നൊക്കെ പോസ്റ്റും.
വഞ്ചിക്കപ്പെട്ടു എന്നറിയുമ്പോൾ സ്ത്രീകൾ സ്വാഭാവികമായും കോമൺ സുഹൃത്തുക്കളെ തിരയും.
അങ്ങനെ വന്ന് വർത്തമാനം പറഞ്ഞ് പരിചയമായവരാണിവർ.
പലവിധ പരിമിതികൾ കാരണം പുറത്തുപറയാനോ പോലീസിൽ പരാതിപ്പെടാനോ അവർക്കാർക്കും ഇതുവരെ കഴിഞ്ഞിരുന്നില്ല.
എന്നിട്ടിപ്പോഴല്ലേ നിങ്ങൾ പറയുന്നതെന്നല്ലേ?
അല്ല. ഒരു കൊല്ലം മുൻപേ പറഞ്ഞു. കൃത്യമായ് പറഞ്ഞാൽ 2021 ഫെബ്രുവരി 25.
എനിക്ക് വളരെ വേണ്ടപ്പെട്ടൊരു പെൺകുട്ടി ഇവന്റെ വലയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ദിവസം.
‘പ്രേമൻ മാഷിന്റെയൊക്കെ ഫ്രണ്ടാ’ണെന്ന് പറഞ്ഞ് അവൾ ഈ ഫ്രോഡിനെ വേറൊരാളുടെ അടുത്ത് ഇൻട്രൊഡ്യൂസ് ചെയ്തു എന്നറിഞ്ഞ രാത്രി.
എങ്ങിനെയാണ് ആളുകളിങ്ങനെ പറ്റിക്കപ്പെടുന്നതെന്നല്ലേ?
ഒരു കഥ പറയാം.
ചുങ്കത്തറ മാർത്തോമാ കോളേജ്. പ്രീ-ഡിഗ്രി റിസൾട്ട് വന്നൊരു രാവിലെ. ജഹാംഗീർ എന്നുപേരായോരുത്തൻ തോറ്റു. തോറ്റ മാർക്ക് ലിസ്റ്റും കൊണ്ട് വരാന്തയിലൂടെ നടന്ന് വരുന്ന ചെറുപ്പക്കാരനെതിരെ വരുന്നു മലയാളം ടീച്ചർ.
‘പാസായോ?’
‘പാസായി ടീച്ചർ…ഫസ്റ്റ് ക്ലാസുണ്ട്…’
‘ആഹാ…വിചാരിച്ചപോലല്ല നീ…മിടുക്കൻ…’
‘ബി.എ.മലയാളം എടുക്കണം എന്നാണ് ഇഷ്ടം. ടീച്ചറെപ്പോലാവണം എന്നാണ് സ്വപ്നം. മലപ്പുറം കോളേജിൽ പോയി ആപ്ലികേഷൻ വാങ്ങണം. വീട്ടിന്ന് പൈസ എടുക്കാൻ മറന്നു…’
‘അതിനെന്താ?…’ ടീച്ചർ സന്തോഷത്തോടെ നൂറ് രൂപ കൊടുക്കുന്നു.
സ്റ്റാഫ് റൂമിലെത്തി അറബി മാഷിനോട് ജഹാംഗീറിന്റെ ഫസ്റ്റ് ക്ലാസും മലയാളം ബി.എ.യും നൂറുറുപ്പികയും പറയുന്ന ടീച്ചർ.
മാർക്ക് ലിസ്റ്റ് ലെഡ്ജർ തുറന്നു കാണിക്കുന്ന മാഷ്.
ഫസ്റ്റ് ക്ലാസുകാരനെ പിന്തുടർന്ന്, പോക്കറ്റിൽ കൈയിട്ട് കാശ് തിരിച്ചു വാങ്ങുന്ന ടീച്ചർ.
അവിടുന്ന് വളർന്ന ജഹാംഗീർ താൻ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയാണെന്ന് പറഞ്ഞെഴുതിയത് ചിത്രത്തോടൊപ്പം വാർത്തയായ്
വന്നത് മനോരമയിൽ. ഇയാൾ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പോലുമായിരുന്നിട്ടില്ല. സാക്ഷ്യം പറയേണ്ടി വന്നത് സഖാവ്. എം.സ്വരാജിന്. തന്റേതല്ലാത്ത കാരണത്താൽ ഇവന്റെ നാട്ടുകാരനായിപ്പോയ സഖാവ്. എം.സ്വരാജ്.
ശശി തരൂർ എന്റെ ആശാനാണെന്ന് പറഞ്ഞു നടക്കലും എഴുതി പൊലിപ്പിക്കലും ഇയാളുടെ മറ്റൊരു വിനോദമായിരുന്നു.
തരൂരിതറിഞ്ഞിരുന്നുവോ എന്ന് ദൈവത്തിനറിയാം.
ഇനി,
ഓഡിറ്റിങ്ങൊക്കെ നടത്തുമെന്ന് അഹങ്കാരം പറയുന്ന എന്നെ ഈ വിദ്വാൻ പറ്റിച്ച കഥ.
രാജേശ്വരി എന്ന പേരിൽ മാധ്യമത്തിലെഴുതുന്ന കാലം മുതൽ പരിചയമുണ്ടെനിക്ക് അഡ്വ. ജയശങ്കറിനെ.
വക്കീലിന്റെ അസ്സോസിയേറ്റാണെന്ന് യാതൊരു കാര്യവുമില്ലാതെ ഇയാൾ പലവട്ടം എന്നോട് പറഞ്ഞിട്ടുണ്ട്.
ഒന്ന് വിളിച്ചു ചോദിച്ച് വെരിഫൈ ചെയ്യാൻ ഞാൻ മെനക്കെട്ടിട്ടില്ല.
ഒടുവിൽ കഴിഞ്ഞ കൊല്ലം ജയശങ്കർ വക്കീലിനെ വിളിച്ചു.
ലവന്റെ പേര് കേട്ടതും അഡ്വ. ജയശങ്കർ കട്ടായം പറഞ്ഞു:
‘നിങ്ങള് വല്യ സഹയാത്രികനൊക്കെയായിരിക്കാം…എന്റെ അസോസിയേറ്റാണ് ജഹാംഗീർ എന്നാരോടെങ്കിലും പറഞ്ഞാൽ…
ആളിനെ വിട്ട് മുട്ട് കാല് ഞാൻ തല്ലിയൊടിക്കും…പറഞ്ഞില്ലാന്ന് വേണ്ട.’
അഡ്വ. ഹരീഷ് വാസുദേവനെ ഏത് നട്ടപ്പാതിരയ്ക്കും വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെനിക്ക്.
‘ഇന്ന് ഞാൻ കോർട്ടിൽ പോയിട്ടില്ല…ജലദോഷമാണ്…ഹരീഷിനെ വിട്ടതാണ്.’
മൂന്ന് നാല് വട്ടം ഇതേ ജഹാംഗീർ യാതൊരു കാര്യവുമില്ലാതെ എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു വട്ടം പോലും ഹരീഷിനോടൊന്ന് ചോദിയ്ക്കാൻ ഞാൻ മെനക്കെട്ടിട്ടില്ല.
(ഹരീഷിനാണ് ജലദോഷമെന്ന് പറഞ്ഞാൽ ചിലപ്പോ ചോദിച്ചേനെ)
ഒടുവിൽ കഴിഞ്ഞ കൊല്ലം ആ പോസ്റ്റിട്ടപ്പോൾ സൂചനയായി ഞാനിങ്ങനെ കമന്റി:
‘മൂന്ന് പേരുള്ള…പേരിനൊപ്പം അമ്മയുടെ പേരുള്ള വക്കീൽ’
ഒരു വിദ്വാൻ വന്ന് ആളെ ഐഡന്റിഫൈ ചെയ്തു കളഞ്ഞു:
‘ഹരീഷ് വാസുദേവൻ ശ്രീദേവി…’
നെലവിളി ശബ്ദമിട്ടുകൊണ്ട് ഹരീഷ് ഓടി വന്നതപ്പോഴാണ്.
ഫ്രോഡുകളായ് ജനിക്കുന്ന ചിലരുണ്ട്; അവരെ തിരിച്ചറിയൽ എളുപ്പമല്ല.
സീരിയൽ കില്ലർമാരായ് ജനിക്കുന്ന ചിലരുണ്ട്;
പോലീസുകാർ പോലും അവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടും.
സീരിയൽ റേപ്പിസ്റ്റുകളായ് ജനിക്കുന്ന ചിലരുണ്ട്;
പെണ്ണുങ്ങൾക്ക് അവരെ തിരിച്ചറിയാനോ,
തിരിച്ചറിഞ്ഞാൽ ഇന്നത്തെ കുടുംബ, സാമൂഹ്യ പശ്ചാത്തലത്തിൽ പുറത്തുവന്ന് നേരിടാനത്ര എളുപ്പവുമല്ല.
അങ്ങനെ നേരിടാനൊരു പെണ്ണ് തയാറായെങ്കിൽ അവളൊരു പ്രതീക്ഷയാണ്.
ജഹാംഗീർ എന്ന സീരിയൽ റേപ്പിസ്റ്റിനെ നിയമത്തിന് മുന്നിലെത്തിക്കാൻ ധീരയായൊരു പെണ്ണ് ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നു.
അഭിവാദ്യങ്ങൾ.
അവൾക്കൊപ്പം നിൽക്കാൻ നാരദന്യൂസ് തയാറായിരിക്കുന്നു; സപ്പോർട്ട്.
അവൾക്കൊപ്പം നിൽക്കാം നമുക്കും…
അവളെപ്പോലെ വഞ്ചിക്കപ്പെട്ടവർക്കൊപ്പം നിൽക്കാം.
പ്രേംകുമാർ
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpremkumarkp%2Fposts%2F10226665104793454&show_text=true&width=500