കെ-റെയിൽ വിഷയത്തിൽ കേരളത്തിന്റെ ആശങ്ക പങ്കുവെച്ചതിന്റെ പേരിൽ സാംസ്കാരിക രംഗത്തെ പ്രമുഖർക്കുനേരെ സിപിഎം സൈബർ സംഘം നടത്തുന്ന വന്യമായ ആക്രമണം സൈബർ ഗുണ്ടായിസമാണെന്നും നീതീകരിക്കാനാകാത്തതാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രൂക്ഷമായി വിമർശിച്ചു. വ്യക്തിഹത്യ നടത്തുകയാണ് ഇതുവഴി സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിക്കുകയും ചെയ്തു.
വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള ക്രൂരമായ കടന്നുകയറ്റമാണിത്. സിപിഎം ഇംഗിതത്തിനു വഴങ്ങിജീവിച്ചുകൊള്ളുക എന്നതാണ് അവർ നൽകുന്ന സന്ദേശം. അല്ലാത്തവരെല്ലാം തങ്ങളുടെ സൈബർ ആക്രമണങ്ങൾക്കു വിധേയരാവുക. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന ഫാസിസ്റ്റ് രീതിയാണിതെന്നും സുധാകരൻ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.