ദുബൈ: യമനിലും പുറത്തും സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ അപലപിച്ച് അഞ്ചംഗ രാജ്യങ്ങളുടെ കൂട്ടായ്മയുടെ യോഗം.യമനിലെ യു.എസ് പ്രതിനിധിയടക്കം പങ്കെടുത്ത യോഗത്തിലാണ് ആക്രമണങ്ങളെ ശക്തമായി അപലപിച്ചത്. സൗദിക്കും യു.എ.ഇക്കും ആക്രമണത്തെ പ്രതിരോധിക്കുന്നതിന് അവകാശമുണ്ടെന്നും അക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കുമെന്നും യോഗത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍ വ്യക്തമാക്കി.
യു.എ.ഇ, സൗദി, യു.എസ്, യു.കെ, ഒമാന്‍ എന്നിവയാണ് ലണ്ടനില്‍ യമനിലെ സാഹചര്യം വിലയിരുത്തുന്നതിന് യോഗം ചേര്‍ന്നത്. യമനിലെ യു.എന്‍ പ്രത്യേക ദൂതന്‍ ഹാന്‍സ് ഗ്രണ്ട്ബര്ഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് അഞ്ച് രാജ്യങ്ങളും പിന്തുണ അറിയിക്കുകയും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. യമനിലെ വിവിധ വിഭാഗങ്ങളോട് യു.എന്‍ ശ്രമങ്ങളെ പിന്തുണക്കാന്‍ യോഗം ആവശ്യപ്പെട്ടു.
ഈ മാസം 17ന് ഹൂതികള്‍ അബൂദാബിക്കുനേരെ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം വീണ്ടും ആക്രമണ ശ്രമമുണ്ടായെങ്കിലും യു.എ.ഇ അത് തകര്‍ത്തു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് വിരുദ്ധമായ, സിവിലിയന്‍ കേന്ദ്രങ്ങളിലേക്കുള്ള ആക്രമണങ്ങളെ ലോകരാജ്യങ്ങള്‍ കടുത്ത ഭാഷയില്‍ അപലപിച്ചിരുന്നു.പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിന് പതിവായി യോഗം ചേരാനും അഞ്ച് രാജ്യങ്ങള്‍ തീരുമാനിച്ചു.
















