പാലക്കാട്: വീണ്ടും കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കര്‍ശനമാക്കിയതോടെ പാലക്കാട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ടുകൾ. മലമ്പുഴ ഡാമിൽ കഴിഞ്ഞ മാസം ദിവസേന പതിനായിരത്തിലധികം പേര് വന്ന സ്ഥാനത്ത് ഇപ്പോഴെത്തുന്നത് ആയിരത്തോളം പേര് മാത്രമാണ്. സഞ്ചാരികൾ കുറഞ്ഞതോടെ ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്നവരും ഇപ്പോൾ ദുരിതത്തിലായിട്ടുണ്ട്.
കഴിഞ്ഞ കോവിഡ് പ്രതിസന്ധിയിൽ നിന്നും പതിയെ കരകയറി വരികയായിരുന്നു ടൂറിസം മേഖല. പാലക്കാട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലന്പുഴ ഡാമിൽ ക്രിസ്മസ് പിറ്റേന്ന് എത്തിയവർ പതിനയ്യായിരത്തിലധികം പേരാണ്. നാല് ലക്ഷത്തിലധികം രൂപ വരുമാനവും ലഭിച്ചു. പക്ഷെ കൊവിഡ് നിയന്ത്രണങ്ങൾ കടിപ്പിച്ചതോടെ സഞ്ചാരികളുടെ ഒഴുക്ക് നിലച്ചു. ഇപ്പോളെത്തുന്നത് ആയിരത്തോളം പേർ മാത്രം. ലഭിക്കുന്ന വരുമാനം അന്‍പതിനായിരം രൂപയും. ഒരു സമയം അന്‍പത് പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് ജില്ലാ ഭരണകൂടം നിർദേശവും ഇതിനോടകം നൽകിയിട്ടുണ്ട്.