റിയാദ്: മാംസ വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ ഉത്‌പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൗദി അറേബ്യ.മാംസ വിഭവങ്ങളും അവയുടെ ഉത്‌പന്നങ്ങളുമടക്കമുള്ള മുഴുവന്‍ ഭക്ഷ്യ ഉത്‌പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതടക്കമുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കാണ് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ജൂലായ് ഒന്ന് മുതല്‍ നിയമം കര്‍ശനമായി പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും അതോറിറ്റി വ്യക്തമാക്കി.
പ്രാദേശികമോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഭക്ഷ്യ ഉത്‌പന്നങ്ങള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ ഭക്ഷ്യ ഉത്‌പന്നങ്ങളുടെ പട്ടിക ഇതിനായി അതോറിറ്റി പുറത്തിറക്കിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.ഹലാല്‍ വ്യക്തമാക്കുന്ന ലോഗോയോ അടയാളങ്ങളോ സര്‍ട്ടിഫിക്കേഷനായി പരിഗണിക്കില്ല. അംഗീകൃത ഹലാല്‍ ഏജന്‍സികളുടെ സര്‍ട്ടിഫിക്കറ്റുള്ള ഉത്‌പന്നങ്ങള്‍ക്ക് മാത്രമായിരിക്കും രാജ്യത്ത് അനുമതി നല്‍കുക.